പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ, ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ കൈമാറി

  • റിപ്പോ നിരക്കായ 6.50ശതമാനത്തെ മറികടന്ന് വിപണി നിരക്ക് 6.80 ശതമാനമായതും ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Update: 2023-03-19 04:42 GMT

മുംബൈ: രാജ്യത്ത് ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നീക്കവുമായി ആര്‍ബിഐ. പണലഭ്യത ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. 2019ന് ശേഷം ഇതാദ്യമാണ് ഇത്രയധികം തുക ബാാങ്കുകള്‍ക്കായി നല്‍കുന്നത്. റീപ്പോ നിരക്ക് വര്‍ധന ബാങ്കുകള്‍ക്ക് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഇത്രയധികം തുക അനുവദിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

റിപ്പോ നിരക്കായ 6.50ശതമാനത്തെ മറികടന്ന് വിപണി നിരക്ക് 6.80 ശതമാനമായതും ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ബാങ്കുകളുടെ കടമെടുപ്പ് ചെലവ് കുതിച്ചുയര്‍ന്ന അവസരത്തിലാണ് ആര്‍ബിഐ പണലഭ്യത ഉറപ്പാക്കുന്നത്.

കോര്‍പറേറ്റ് മുന്‍കൂര്‍ നികുതി അടയ്ക്കേണ്ട സമയമായതിനാല്‍ ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍ലവിക്കപ്പെട്ടതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയായത്. 1,10,772 കോടി രൂപയാണ് മാര്‍ച്ച് 16ന് ബാങ്കുകള്‍ക്ക് കൈമാറിയതെന്ന് ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്), സ്റ്റാന്‍ഡിങ് ലിക്വിഡിറ്റി ഫെസിലിറ്റി(എസ്എല്‍എഫ്), വേരിയബിള്‍ റേറ്റ് റിപ്പോ ഓപ്പറേഷന്‍ എന്നിവ വഴിയാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം അനുവദിച്ചത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ആര്‍ബിഐ പണനയ സമിതി മീറ്റിംഗില്‍ റിപ്പോ നിരക്ക് വര്‍ധനയുണ്ടായേക്കുമെന്ന് ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. നിലവിലുള്ള പണപ്പെരുപ്പ നിരക്കിനെ ആര്‍ബിഐയുടെ ആശ്വാസ പരിധിയ്ക്കുള്ളില്‍ എത്തിക്കുന്നതിനായി റിപ്പോ നിരക്കില്‍ ഏകദേശം 25 ബേസിസ് പോയിന്റ് വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസവും റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ 6.5 ശതമാനമാണ് റിപ്പോ നിരക്ക്. കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റിപ്പോ നിരക്ക് ഉയരുന്നത്.

പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യത്തെക്കാള്‍ മുകളിലാണെങ്കിലും ആഗോള തലത്തില്‍ പണപ്പെരുപ്പം ക്രമേണ മയപ്പെടുകയാണ്. അടുത്ത ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറയാനിടയുണ്ട്. 2023 ആദ്യ പകുതിയോടെ നിരക്ക് വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും, 2024 ന്റെ ആരംഭത്തില്‍ നിരക്ക് കുറക്കുന്നതിനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍.

Tags:    

Similar News