അമേരിക്കയിലെ ബാങ്ക് പ്രതിസന്ധി: എസ് വി ബിയ്ക്ക് പിന്നാലെ ഫസ്റ്റ് റിപ്പബ്ലിക്കന്‍ ബാങ്കും കരിനിഴലില്‍, കരുതല്‍ നിധിക്കൊരുങ്ങി അധികൃതര്‍

അതിനിടെ, മറ്റൊരു അമേരിക്കന്‍ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കന്‍ ബാങ്കിന്റെയും ആരോഗ്യം സംബന്ധിച്ച മോശം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരി വില 15 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Update: 2023-03-12 05:19 GMT



സ്റ്റാര്‍ട്ടപ്പുകളുടെ അത്താണിയായിരുന്ന അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച മറ്റ് ബാങ്കുകളിലേക്ക് പടരുന്നത് തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ കരുതല്‍ നിധി രൂപീകരിക്കുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എസ്‌വിബി പ്രതിസന്ധി മറ്റ് ബാങ്കുകളിലേക്ക് പടരുമോ എന്ന ആശങ്ക നിലവിലുണ്ടെങ്കിലും മറ്റൊരു 2008 ആവര്‍ത്തിക്കില്ലെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.

സുരക്ഷാ നിധി

ബാങ്കിന്റെ തകര്‍ച്ചയോടെ നിക്ഷേപകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ ദി ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും യുഎസ് ഫെഡറല്‍ റിസേര്‍വും ചേര്‍ന്ന് ഒരു നിധി രൂപീകരിക്കുന്ന കാര്യം പരിഗണിച്ച് വരുന്നതായിട്ടാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിക്ഷേപകര്‍ ആവശ്യപ്പെട്ടാല്‍ നിക്ഷേപം തിരിച്ച് നല്‍കാനാവും വിധം ബാങ്കുകളെ പ്രാപ്തമാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഇത് വിപണിയിലും ബാങ്കിംഗ് മേഖലയില്‍ ആകമാനവും ആത്മവിശ്വസം വര്‍ധിപ്പിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ ശേഷി, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയും ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന അമേരിക്കന്‍ സംവിധാമാണ് എഫ്ഡിഐസി.

ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക്

അതിനിടെ, മറ്റൊരു അമേരിക്കന്‍ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കന്‍ ബാങ്കിന്റെയും ആരോഗ്യം സംബന്ധിച്ച മോശം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരി വില 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ ബാങ്കിന്റെ മൂല്യമിടിഞ്ഞത് 34 ശതമാനമാണ്. അതേസമയം ബാങ്കിന്റെ ധനശേഷി ശക്തമാണെന്നും നിക്ഷേപ മേഖലകള്‍ വ്യത്യസ്തങ്ങളായതിനാല്‍ ആശങ്ക വേണ്ടെന്നും ബാങ്ക് നിക്ഷേപകരോട് വ്യക്തമാക്കിയിട്ടുണ്ട്.

ടെക് പ്രതിസന്ധി

സാന്‍ഫ്രാന്‍സിസ്‌കോ യിലാണ് ബാങ്കിന്റെ ആസ്ഥാനം. ടെക് സംരഭങ്ങളുടെ ലോക തലസ്ഥാനമായി സിലിക്കണ്‍ വാലിയിലാണ് എസ്‌വിബിയുടെ ആസ്ഥാനം. ടെക് ഫണ്ടുകള്‍ക്ക് പേരുകേട്ട, ഏതാണ്ട് പൂര്‍ണമായി തന്നെ ടെക്‌നോളജി കമ്പനികളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സിവിബിയുടെ തകര്‍ച്ച ഈ മേഖലയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.


Tags:    

Similar News