ഐസിആര്‍ആര്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് ആര്‍ബിഐ
- 25% ഐസിആര്‍ആര്‍ ഇന്ന് പിന്‍വലിക്കപ്പെടും
- ബാങ്കിംഗ് ഓഹരികള്‍ക്ക് മുന്നേറ്റം
അധിക കരുതല്‍ ധന അനുപാതം (ഇന്‍ക്രിമെന്‍റെല്‍ സി ആർ ആർ) ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സെപ്റ്റംബർ എട്ടിനു ചേര്‍ന്ന അവലോകന യോഗത്തിലാണ് കേന്ദ്രബാങ്ക് ഈ തീരുമാനത്തില്‍ എത്തിയത്. കഴിഞ്ഞ ധനനയ അവലോകന യോഗത്തില്‍ ഏര്‍പ്പെടുത്തിയ ഐസിആര്‍ആര്‍-ന്‍റെ 25 ശതമാനം സെപ്തംബർ 9നും മറ്റൊരു 25 ശതമാനം സെപ്റ്റംബർ 23നും റിലീസ് ചെയ്യപ്പെടും. ബാക്കി 50 ശതമാനം ഐസിആര്‍ആര്‍ ഒക്ടോബർ 7 ന് റിലീസ് ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
ബാങ്കുകളിലെ ലിക്വിഡിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് , ഐ-സിആർആർ പ്രകാരം പിടിച്ചെടുക്കുന്ന തുക ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 മുതൽ 10 ശതമാനം ഐസിആര്‍ആര്‍ നിലനിർത്തണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഓഗസ്റ്റ് 10നാണ് തന്റെ ധനനയ പ്രസ്താവനയിൽ പ്രഖ്യാപിച്ചത്.
2000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തുന്നതിന്‍റെ കൂടി അടിസ്ഥാനത്തില്‍ ബാങ്കുകളിലെ പണലഭ്യത ഉയര്‍ന്നതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് അധിക കരുതല്‍ ധന അനുപാതം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ തീരുമാനമെടുത്തത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനും ഈ നടപടിയിലൂടെ കേന്ദ്രബാങ്ക് ശ്രമിക്കുന്നതായി വിലയിരുത്തപ്പെട്ടിരുന്നു.
ആർബിഐയുടെ ആന്തരിക വിലയിരുത്തല്‍ അനുസരിച്ച്, ഒരു ലക്ഷം കോടി രൂപയിൽ അല്പം കൂടുതലാണ് ഐസിആര്‍ആര്‍-ന്‍റെ മൊത്ത ആഘാതം.
ഐ-സിആർആർ നീക്കം ചെയ്യുമെന്ന പ്രഖ്യാപനം ബാങ്കിംഗ് ഓഹരികൾക്ക് ഉണര്‍വേകിയിട്ടുണ്ട്. ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ 1-2 ശതമാനം ഉയർന്നു.
