Rupee Against Dollar : രൂപയ്ക്കായി ആർബിഐ; റെക്കോഡ് താഴ്ചക്ക് ശേഷം മൂല്യം തിരിച്ചുകയറുന്നു

രൂപയ്ക്കായി ആർബിഐ ഇടപെടൽ. റെക്കോഡ് ഇടിവിൽ നിന്ന് മൂല്യം തിരിച്ചു കയറുന്നു

Update: 2025-12-17 08:07 GMT

ആർബിഐ ഇടപെട്ടതോടെ രൂപ തിരിച്ചുകയറുന്നു. 70 പൈസയിലധികമാണ് ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് രൂപയുടെ മൂല്യം തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 91 .14 എന്ന നിലവാരത്തിലേക്ക് ഇൻട്രാ ഡേ വ്യാപാരത്തിനിടയിൽ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. പിന്നീട് 90 .93 രൂപയായിരുന്നു വിനിമയ നിരക്ക്. ഇപ്പോൾ  90 .37 രൂപയാണ് വിനിമയ നിരക്ക്. 

മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ ആർബിഐ ഡോളർ വിറ്റഴിക്കുന്നതാണ് രൂപ തിരിച്ചുകയറാൻ കാരണം. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും രൂപ കരുത്താർജിക്കാൻ സഹായകരമായി. അസംസ്കൃത എണ്ണ വില ബാരലിന് 59 .81 ഡോളറിലാണ്  ഇപ്പോൾ .  തുടർച്ചയായ നാല് ദിവസം ഇടിവ് നേരിട്ട ശേഷമാണ് രൂപ തിരിച്ചുകയറിയത്.

റിസർവ് ബാങ്കിൻ്റെ വിദേശ വിനിമയ വിപണിയിലെ ഫലപ്രദമായ ഇടപെടൽ തന്നെയാണ് രൂപക്ക് താങ്ങായത്. പൊതുമേഖലാ ബാങ്കുകൾ വിദേശ നാണ്യ ശേഖരത്തിൽ നിന്ന് ഭാഗികമായി  ഡോളർ  വിറ്റഴിച്ചു. മൂല്യമിടിവിൽ നിന്ന് ലാഭം ലക്ഷ്യമിട്ടിരുന്ന ട്രേഡർമാർ ഡോളറിലെ പൊസിഷനുകൾ വിറ്റഴിച്ചു തുടങ്ങി. ഡോളറിന്റെ ഡിമാൻഡ് കുറഞ്ഞത് രൂപ തിരിച്ചുകയറാൻ സഹായിച്ചു.

മൂല്യം ഇടിവ് താൽക്കാലികമോ?

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നത് തുടരുന്നതും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാത്തതുമാണ് കഴിഞ്ഞ സെഷനുകളിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ കാരണം.   അതേസമയം രൂപയുടെ മൂല്യം ഇടിവ് താൽക്കാലികമാണെന്നും ഇത് രാഷ്ട്രീയവൽക്കരിക്കരുതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വർഷം അഞ്ചു ശതമാനത്തിലധികമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏറ്റവും കൂടുതൽ മൂല്യമിടിഞ്ഞ ഏഷ്യൻ കറൻസി കൂടെയാണ് രൂപ.

 വളർച്ചാ അനുമാനം ഉയർത്തി ആർബിഐ

അതേസമയം രൂപയുടെ മൂല്യം ഇടിയുമ്പോഴും ആർ‌ബി‌ഐ 2025-26 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 7.3 ശതമാനം ആയി ആണ് ഉയർത്തിയ്. നേരത്തെ കണക്കാക്കിയിരുന്ന 6.8 ശതമാനത്തിൽ നിന്നാണ് വളർച്ചാ അനുമാനം ഉയർത്തിയത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ മുന്നേറ്റവും കുറയുന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ച മൂലമുള്ള ആഘാതങ്ങളെ മറികടക്കും എന്നതാണ് കേന്ദ്ര ബാങ്ക് വീക്ഷണം.

Tags:    

Similar News