രൂപയുടെ സ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക്

രൂപയുടെ സ്ഥിരതക്കായി വിദേശ കരുതല്‍ ധനം ഉപയോഗിക്കും

Update: 2025-05-10 07:02 GMT

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതോടെ രൂപയുടെ സ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടികളാരംഭിച്ചു. ഇതിനായി ആര്‍ബിഐ വിദേശ കരുതല്‍ ശേഖരം ഉപയോഗിക്കും.

രൂപയുടെ മൂല്യത്തില്‍ ആര്‍ബിഐ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ കറന്‍സി സ്ഥിരത നിലനിര്‍ത്താന്‍ വിദേശ കരുതല്‍ ശേഖരം ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 1% ത്തിലധികം ഇടിഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വെള്ളിയാഴ്ച രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയര്‍ന്ന് 85.36 ല്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ കാരണമായത്.

ആറ് പ്രമുഖ കറന്‍സികളുടെ ബാസ്‌കറ്റിനെതിരെ ഗ്രീന്‍ബാക്കിന്റെ ശക്തി അളക്കുന്ന ഐസിഐ ഇന്‍ഡെക്‌സ് 0.26 ശതമാനം ഇടിഞ്ഞ് 100.38 എന്ന നിലയില്‍ എത്തിയിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ ബാരലിന് 1.80 ശതമാനം ഉയര്‍ന്ന് 63.97 യുഎസ് ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചുമതലയേറ്റ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയില്‍ നിന്ന് കൂടുതല്‍ ശക്തമായ സമീപനം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊഹാപോഹങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍ബിഐ ഇടപെടല്‍ നടത്തിയിരുന്നു. 

Tags:    

Similar News