അക്കൗണ്ടുകളിലേക്ക് അജ്ഞാത സ്രോതസ്സില്‍നിന്ന് പണം; ഒഡീഷ ബാങ്കില്‍ തിരക്കോട് തിരക്ക്

ഏകദേശം 200-250 പേര്‍ ബാങ്കില്‍ സംഭവത്തെ തുടര്‍ന്ന് എത്തി

Update: 2023-09-12 05:18 GMT

ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ബട്ടിപാഡയിലുള്ള ഒഡീഷ കലിംഗ ഗ്രാമ്യ ബാങ്കില്‍ അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് നിരവധി ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റായതോടെ ബാങ്കില്‍ വന്‍ തിരക്ക് രൂപപ്പെട്ടു. സെപ്റ്റംബര്‍ ഏഴിനാണ് അക്കൗണ്ടുകളിലേക്കു പണം ക്രെഡിറ്റായത്.

10,000 രൂപ മുതല്‍ 70,000 രൂപ വരെയുള്ള തുകയാണ് പലരുടെയും അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റായത്. ഇതേ തുടര്‍ന്ന് അക്കൗണ്ട് ഹോള്‍ഡര്‍മാരുടെ മൊബൈല്‍ ഫോണുകളില്‍ സന്ദേശവും ലഭിച്ചു. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിലേക്ക് പണമെത്തിയ വിവരം അറിഞ്ഞതോടെ ഇതിന്റെ വിശദവിവരം അറിയാന്‍ പലരും ബാങ്കുകളിലേക്ക് എത്തിയതോടെയാണു തിരക്ക് രൂപപ്പെട്ടത്.

ചിലര്‍ വിവരങ്ങളൊന്നും തിരക്കാന്‍ മെനക്കെടാതെ അക്കൗണ്ടിലേക്ക് വന്ന പണം പിന്‍വലിക്കുകയും ചെയ്തു.

ഏകദേശം 200-250 പേര്‍ ബാങ്കില്‍ സംഭവത്തെ തുടര്‍ന്ന് എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

സംഭവത്തിനു ശേഷം അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ മാത്രമല്ല, ബാങ്ക് അധികൃതരും ആശയക്കുഴപ്പത്തിലാണ്.

'സെപ്റ്റംബര്‍ 7-ാം തീയതി വ്യാഴാഴ്ച രാവിലെ മുതല്‍ ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് 2,000 രൂപ മുതല്‍ 30,000 രൂപ വരെ പണം ലഭിച്ചു തുടങ്ങി. ഏത് സ്രോതസ്സില്‍ നിന്നാണ് ഇത്രയും തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതെന്നു വ്യക്തമല്ല. കുറച്ച് പണം ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന്‍മന്ത്രി ഫസല്‍ ബീമയില്‍ നിന്നാണ് ക്രെഡിറ്റ് ചെയ്തിരിക്കുന്നതെന്നു മനസിലാക്കാന്‍ സാധിച്ചു. അത് എങ്ങനെ സംഭവിച്ചു, ഞങ്ങള്‍ക്ക് അറിയില്ല ' ബ്രാഞ്ച് മാനേജര്‍ പ്രതാപ് പ്രധാന്‍ പറഞ്ഞു.

പ്രധാനമന്ത്രി ഫസല്‍ ബീമ

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന 2016 ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണ്. പ്രകൃതിക്ഷോഭം, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി ആരംഭിച്ചത്.

Tags:    

Similar News