ടൂറിസം; വളര്‍ച്ചാപ്രതീക്ഷ 25ശതമാനത്തിലധികമെന്ന് കേന്ദ്രം
ജിഡിപിയിലേക്ക് ടൂറിസം മേഖല 20 ലക്ഷം കോടി രൂപ സംഭാവന ചെയ്യുന്നു
വിനോദ സഞ്ചാരമേഖലയില്‍ രാജ്യം വന്‍ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ജിഡിപിയിലേക്ക് ടൂറിസം മേഖല 20 ലക്ഷം കോടി രൂപ സംഭാവന ചെയ്യുന്നുണ്ടെന്നും 25 ശതമാനത്തിലധികം നിരക്കില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ ദേശീയ ജിഡിപിയിലേക്ക് ഇപ്പോള്‍ ടൂറിസം 20 ലക്ഷം കോടിയിലധികം രൂപ സംഭാവന ചെയ്യുന്നു. ഇത് 84 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്നു,' മധ്യപ്രദേശ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച 'എംപി ട്രാവല്‍ മാര്‍ട്ടി'ല്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 20 ദശലക്ഷം വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്. അതില്‍ 2.94 ബില്യണ്‍ ടൂറിസ്റ്റ് യാത്രകള്‍ ആഭ്യന്തര സഞ്ചാരികളാണ് നടത്തിയത്. രാജ്യത്തെ ടൂറിസം മേഖല 25 ശതമാനത്തിലധികം സിഎജിആറില്‍ (കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) വളരുമെന്ന് കണക്കാക്കപ്പെടുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വിപണികള്‍ കണ്ടെത്തുന്ന കരകൗശല വിദഗ്ധര്‍, ഹോം-സ്റ്റേകള്‍ നടത്തുന്ന കുടുംബങ്ങള്‍, ഇക്കോ റിട്രീറ്റുകള്‍ സൃഷ്ടിക്കുന്ന വനിതാ സംരംഭകര്‍, വിശ്വസ്തരായ വഴികാട്ടികളും ആതിഥേയരുമായ പ്രാദേശിക യുവാക്കള്‍ എന്നിവര്‍ക്കും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച ഉപകാരപ്രദമാകുന്നു.
ടൂറിസം ഒരു ദേശീയ മുന്‍ഗണനയാണ്, ഒരു അനുബന്ധ വ്യവസായമല്ല എന്ന വിശ്വാസമാണ് ഈ പരിവര്‍ത്തനത്തിന്റെ കാതല്‍. ഹൈവേകള്‍, വിമാനത്താവളങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ മികച്ച് നിക്ഷേപം നടക്കുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള യാത്ര സുഗമമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
