ഇനി യമുനയിലൂടെ ക്രൂസ് വിനോദസഞ്ചാരം
നദികളിലൂടെയുള്ള വിനോദ സഞ്ചാര പദ്ധതികളുമായി ഡൽഹി. യമുനയിൽ പുതിയ സർവീസുകൾ
പുതിയ റിവർ ക്രൂസ് പദ്ധതിയുമായി ഡൽഹി. യമുനയിലൂടെയുള്ള പുതിയ ക്രൂസ് പദ്ധതിയാണ് ഡൽഹി സർക്കാർ തുടങ്ങുന്നത്. പരിസ്ഥിതി സൌഹാർദ്ദ സർവീസാണ് തുടങ്ങുന്നത്. ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെ സർവീസുകളിൽ ഉറപ്പാക്കും. ഡിസംബർ ആദ്യവാരത്തോടെയാകും യമുനയിലൂടുള്ള ക്രൂസ് പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നാണ് സൂചന. 90 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഇലക്ട്രിക്-സോളാർ ഹൈബ്രിഡ് ബോട്ടുകളും സർവീസ് തുടങ്ങും. ഡിസംബർ ആദ്യവാരം ക്രൂസ് പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. വടക്കു കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിലുള്ള യമുനാ നദീഭാഗം പരിസ്ഥിതി സൗഹൃദ ക്രൂസ് പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ടൂറിസ്റ്റുകൾക്കായി പരമ്പരാഗത നൃത്ത രൂപങ്ങൾ, ഗാനം തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങളും ആരംഭിക്കും. ക്രൂസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ രസിപ്പിക്കുന്നതിനായി ഡൽഹിയുടെ ചരിത്രവും വിവരിക്കും. ആദ്യ ഘട്ടത്തിൽ രണ്ട് ബോട്ടുകൾ സർവീസ് നടത്തും. രണ്ടാമത്തേത് പിന്നീട് ആരംഭിക്കാനാണ് ഡൽഹി സർക്കാർ പദ്ധതിയിടുന്നത്. ഡൽഹിയെ റിവർ ടൂറിസത്തിൻ്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സാധാരണക്കാർക്കും ക്രൂസ് ടൂറിസം ആസ്വദിക്കാൻ കഴിയുന്ന രീതിയിലെ നിരക്കായിരിക്കും നിശ്ചയിക്കുക എന്നാണ് സൂചന.
ബോട്ടുകളിൽ പൊതുവായ അറിയിപ്പ് സംവിധാനങ്ങൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കും. യമുനയിലെ 4 കിലോമീറ്റർ നീളമുള്ള ദേശീയ ജലപാത 110-ലാണ് ക്രൂസ് ടൂറിസം വികസിപ്പിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഫ്ലോട്ടിംഗ് ജെട്ടികൾ, ഹൈബ്രിഡ് ബോട്ടുകൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ, നാവിഗേഷൻ സഹായങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.
