ഡിസംബറിലെ വിദേശ നിക്ഷേപം ഇതുവരെ 10,555 കോടി രൂപ

Update: 2022-12-19 05:21 GMT

ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപകരുടെ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ മാസം 36,200 കോടി രൂപയുടെ നിക്ഷേപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡിസംബര്‍ മാസത്തിന്റെ ആദ്യ പകുതി തീരുമ്പോള്‍ 10,555 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന സ്ഥിരതയും, യു എസ് പണപ്പെരുപ്പത്തില്‍ അല്പം അയവു വന്നതും ഇതിനു അനുകൂലമായി.

ഭാവിയില്‍ കേന്ദ്ര ബാങ്കുകളെല്ലാം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കാലത്തേക്ക് നിരക്ക് വര്‍ധന തുടരുമെന്ന ധാരണയില്‍ ആഗോള വിപണികള്‍ കൂടുതല്‍ അസ്ഥിരമായേക്കാം. ഇത് വിദേശ നിക്ഷേപത്തെയും കാര്യമായി സ്വാധീനിക്കുമെന്ന് കൊട്ടക് സെക്യുരിറ്റീസ് ലിമിറ്റഡിന്റെ ഇക്വിറ്റി റീസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

കൂടാതെ, യു എസ് വിപണിയിലെ പ്രവണതകളും, യു എസ് ബോണ്ട് യില്‍ഡും മറ്റു ആഗോള ഘടകങ്ങളും നിക്ഷേപത്തിന്റെ ഒഴുക്കിനെ നിര്‍ണയിക്കും. അമേരിക്കന്‍ പണപ്പെരുപ്പത്തിന്റെ ഗതിയും നിര്‍ണായകമാകുമെന്ന് ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 16 വരെ 10,555 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.

ധനകാര്യ മേഖല , കാപിറ്റല്‍ ഗുഡ്‌സ്, എന്നിവയിലാണ് കൂടുതല്‍ നിക്ഷേപം നടന്നിട്ടുള്ളത്. വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ടെലികോം മേഖലയിലെ ഓഹരികളാണ്. 2022 ല്‍ ഇതുവരെ മൊത്തം 1.22 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഡിസംബറില്‍ മാത്രം 2,180 കോടി രൂപയടെ ഓഹരികള്‍ വിറ്റൊഴിച്ചു. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ തുടര്‍ന്നപ്പോഴും നിഫ്റ്റി ഈ വര്‍ഷം ഇതുവരെ 5 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ വിറ്റഴിക്കുമ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങലുകാരായെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News