ഡിസംബർ മാസത്തോടെ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ കേരള ബാങ്ക്

രാജ്യത്തെ മുൻനിര ബാങ്കുകളോട് കിടപിടിക്കുന്ന ഡിജിറ്റൽ സേവനങ്ങൾ ഡിസംബർ മാസത്തോടെ കേരള ബാങ്ക് ലഭ്യമാക്കും. ഇതിൻറെ ഭാഗമായി ബാങ്കിൻറെ ശാഖകളെ പരസ്പരം ബന്ധിപ്പിക്കുന്ന കംപ്യൂട്ടർ സംവിധാനം സജ്ജമാകുന്നു. "വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളെ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്,” കേരള ബാങ്കിലെ ഐടി വിഭാഗത്തിൻറെ ചുമതലയുള്ള ജനറൽ മാനേജർ രാജേഷ് എ ആർ പറഞ്ഞു. ഈ സംവിധാനം പൂർത്തിയാകുന്നതോടെ മറ്റ് മുൻനിര ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും കുറഞ്ഞ നിരക്കിൽ […]

Update: 2022-06-03 06:02 GMT

രാജ്യത്തെ മുൻനിര ബാങ്കുകളോട് കിടപിടിക്കുന്ന ഡിജിറ്റൽ സേവനങ്ങൾ ഡിസംബർ മാസത്തോടെ കേരള ബാങ്ക് ലഭ്യമാക്കും. ഇതിൻറെ ഭാഗമായി ബാങ്കിൻറെ ശാഖകളെ പരസ്പരം ബന്ധിപ്പിക്കുന്ന കംപ്യൂട്ടർ സംവിധാനം സജ്ജമാകുന്നു.

"വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളെ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്,” കേരള ബാങ്കിലെ ഐടി വിഭാഗത്തിൻറെ ചുമതലയുള്ള ജനറൽ മാനേജർ രാജേഷ് എ ആർ പറഞ്ഞു.

ഈ സംവിധാനം പൂർത്തിയാകുന്നതോടെ മറ്റ് മുൻനിര ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും കുറഞ്ഞ നിരക്കിൽ കേരള ബാങ്കിലും ലഭ്യമാകും.

“13 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള സഹകരണ ബാങ്ക് ഒരു ഷെഡ്യൂൾഡ് ബാങ്ക് ആയതുകൊണ്ട് മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും അതിന് നൽകാൻ കഴിയും. സഹകരണ ബാങ്കുകൾ പല രൂപത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. കേരള ബാങ്ക് ആയി മാറിയതോടെ അവയെല്ലാം പരസ്പരം ബന്ധിപ്പിച്ച് ഒറ്റ സംവിധാനത്തിൻ കീഴിലേക്ക് കൊണ്ടുവരേണ്ടതുണ്ട്", രാജേഷ് പറയുന്നു.

എല്ലാ സഹകരണ ബാങ്കുകളും കംപ്യൂട്ടർ ശൃംഖലയുടെ ഭാഗമാക്കി സംയോജിപ്പിക്കുന്നു. ഇവ ഒരു പൊതു രൂപത്തിലേക്ക് കൊണ്ടുവരുന്നു. ഇത് പൂർത്തിയാകുമ്പോൾ, കേരളത്തിലെ 765 ശാഖകളിലുള്ള ഉപഭോക്താക്കൾക്ക് കേരളത്തിൽ എവിടെ നിന്നും പണമെടുക്കയോ അടയ്കകയോ ചെയ്യാനുള്ള സംവിധാനം നിലവിൽ വരും.

“വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ മുമ്പ് പൂർണ്ണമായ തോതിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. മൂലധനത്തിൻറെ കുറവും സാങ്കേതിക പരിജ്ഞാനമില്ലാത്തതുമായിരുന്നു കാരണം. എന്നാൽ കേരള ബാങ്ക് 170,000 കോടിയുടെ ബാങ്കായി വളർന്നു. ഇനി മറ്റ് ഏത് ബാങ്കും നൽകുന്ന സേവനങ്ങൾ കേരള ബാങ്കും നൽകണമെന്ന് ഗവൺമെൻറ് ആഗ്രഹിക്കുന്നു. കേരള ബാങ്ക് സാധാരണക്കാരുടെ ബാങ്കാണ്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ ബാങ്കുകൾക്ക് ജനങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. സാധാരണക്കാരന് ഏറ്റവും ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിൻറെ ലക്ഷ്യം,” രാജേഷ് പറഞ്ഞു.

പ്രമുഖ ഐടി കമ്പനിയായ വിപ്രോയാണ് കംപ്യൂർ സംയോജനം നടപ്പാക്കുന്നത്. അവരുടെ ഏറ്റവും ആധുനിക സോഫ്റ്റ്വെയറായ ഫിനക്കിൾ 2.25 ആണ് കേരള ബാങ്കിൽ ഏർപ്പെടുത്തുന്നത്. ഈ മാസം 26-ന് ആദ്യ രണ്ട് ബാങ്കുകൾ കംപ്യൂട്ടർ ശൃംഖലയുടെ ഭാഗമാകും. ഈ വർഷം ഡിസംബറിൽ എല്ലാ ബാങ്കുകളും പരസ്പരം ബന്ധിപ്പിക്കും.

“ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിൻറെ ആപ്പ് വഴി ഏതാണ്ട് എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കും. കേരള ഗവൺമെൻറുമായി ബന്ധപ്പെട്ട പണമിടപാടുകളും കേരള ബാങ്ക് മുഖാന്തിരം നടത്താൻ കഴിയും. ഉദാഹരണത്തിന് വൈദ്യുതി, ജല അതോറിറ്റി ബില്ലുകൾ, നികുതി തുടങ്ങിയവ കേരള ബാങ്കിൽ അടക്കാൻ കഴിയും. കേരള ബാങ്ക് കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും," അദ്ദേഹം പറഞ്ഞു.

1,526 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും, 51 അര്‍ബന്‍ ബാങ്കുകളും ചേര്‍ന്ന മണ്ഡലമാണ് കേരള ബാങ്കിന്റെ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത്. കേരള ബാങ്കിന്റെ 769 ബ്രാഞ്ചുകള്‍ക്കും ആർ ബി ഐ ലൈസന്‍സ് നല്‍കിക്കഴിഞ്ഞു. നേരത്തെ 20 ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

Tags:    

Similar News