പെയിന്റിംഗിന് ഒരു ലക്ഷം രൂപ ചെലവായോ? നിങ്ങള്‍ നിരീക്ഷണത്തിലാണ്

ആദായ നികുതി വലയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന ചട്ടങ്ങള്‍ കര്‍ക്കശമാക്കുകയാണ് പ്രത്യക്ഷ നികുതി വകുപ്പ്.

Update: 2022-01-11 00:23 GMT
story

നിങ്ങളുടെ ഹോട്ടല്‍ ബില്‍ തുക 20,000 രൂപയ്ക്ക് മുകളിലാണോ? വീട്ടുപകരണങ്ങള്‍ക്കോ വീട് പെയിന്റ് ചെയ്യാനോ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍...

നിങ്ങളുടെ ഹോട്ടല്‍ ബില്‍ തുക 20,000 രൂപയ്ക്ക് മുകളിലാണോ? വീട്ടുപകരണങ്ങള്‍ക്കോ വീട് പെയിന്റ് ചെയ്യാനോ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വര്‍ഷം മുടക്കിയിട്ടുണ്ടോ? നിങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആദായ നികുതി വലയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന ചട്ടങ്ങള്‍ കര്‍ക്കശമാക്കുകയാണ് പ്രത്യക്ഷ നികുതി വകുപ്പ്. നിങ്ങളുടെ ചെലവും വരുമാനവും അമിത പണവിനിയോഗവും എല്ലാം ഇതിന്റെ ഭാഗമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ശമ്പള വരുമാനക്കാര്‍ നേരത്തെ തന്നെ ആദായ വകുപ്പിന്റെ വലയിലാണ്. ജി എസ് ടി കര്‍ക്കശമാക്കിയതോടെ ചെറുകിട ബിസിനസുകാരടക്കം കച്ചവട-വ്യാവസായിക മേഖല മുഴുവന്‍ ഇതിന്റെ പരിധിയിലായി. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കാര്‍ഷിക രംഗങ്ങളില്‍ ഉള്ളവരുമടക്കം ഇനിയും നികുതി വകുപ്പിന്റെ റഡാറില്‍ പെടാത്തവര്‍ക്ക് വേണ്ടിയാണ് ഇത്തരം നിബന്ധനകള്‍.

നികുതി പിരിവ് സുതാര്യമാക്കുന്നതിനായി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറയുന്ന സംവിധാനത്തില്‍ ഇത്രയും കാലം പരിഗണിക്കപ്പെടാതിരുന്ന ഇടപാടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവര്‍, ഒരു ലക്ഷം രൂപ കുട്ടികളുടെ ഫീസ് നല്‍കുന്നവര്‍, ബിസിനസ് ക്ലാസ് വിമാന യാത്രികര്‍ ഇവരെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും. ഇതു കൂടാതെ 20,000 രൂപയില്‍ കൂടുതല്‍ ഹോട്ടല്‍ ബില്‍ നല്‍കിയവര്‍, മാര്‍ബിള്‍, സ്വര്‍ണം, പെയിന്റിംഗ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കുന്നവര്‍ ഇത്തരക്കാരും നിരീക്ഷണവലയത്തിലാകും. ഇവയെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്. അതുപോലെ 20,000 രൂപയ്ക്ക് മുകളില്‍ വാര്‍ഷിക പ്രീമിയമടയ്ക്കുന്നവരും പെടും.

കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപമുള്ളവര്‍, വര്‍ഷം 20,000 രൂപ സ്വത്ത് നികുതി അടയ്ക്കുന്നവര്‍ ഇവരും ഇതില്‍ ഉള്‍പ്പെടും. ആദായ നികുതി വകുപ്പിന്റെ ഫോം 26 എ എസില്‍ ഇങ്ങനെ നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ നികുതിദായകന് ലഭിക്കും. നേരത്തെ വലിയ തുകയുടെ ബാങ്ക് ഇടപാടിന്റെയും ഓഹരി ഇടപാടിന്റെയും വിവരങ്ങളായിരുന്നു ഇങ്ങനെ ലഭ്യമായിരുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന നിരക്കിലുളള ടി ഡി എസ് പിടിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു.

മറ്റൊരു പ്രധാന കാര്യം ന്യായീകരിക്കപ്പെടാനാവാതെ അക്കൗണ്ടിലെത്തുന്ന പണവുമായി ബന്ധപ്പെട്ടുള്ളതാണ്. വിശദീകരിക്കാനാവാത്ത കാരണത്തില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണമെത്തുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. വലിയ പിഴയൊടുക്കേണ്ടി വരും. ഐ ടി വകുപ്പിന്റെ 69 എ ഉപവകുപ്പനുസരിച്ച് രേഖകളിലില്ലാതെ മുന്‍ വര്‍ഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണത്തിന് വിശദീകരണം നല്‍കേണ്ടി വരും.

ഇതോടൊപ്പം സ്വര്‍ണം, ആഭരണങ്ങള്‍ അടക്കമുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടവും ആദായ നികുതി വകുപ്പിന് തൃപ്തികരമായ വിധത്തില്‍ ബോധ്യപ്പെടുത്തണം. വിശദീകരിക്കാനാവാത്ത മുതലിന് 83.25 ശതമാനമാണ് നികുതി നല്‍കേണ്ടത്. 60 ശതമാനം നികുതി കൂടാതെ 25 ശതമാനം സര്‍ച്ചാര്‍ജ്, ഒപ്പം 6 ശതമാനം പിഴ. പിന്നീട് അവശേഷിക്കുന്നത് 13 ശതമാനം മാത്രം. അതുകൊണ്ട് ഇത്തരം ഇടപാടുകള്‍ക്ക് ജാഗ്രത ഏറെ വേണം.

Tags:    

Similar News