പലിശ നിരക്ക് ഇനിയും ഉയരാം, ആര്‍ബിഐ യുടെ അടുത്ത പണനയയോഗം ഡിസംബര്‍ 5 ന്

Update: 2022-11-28 07:53 GMT


ആര്‍ബിഐ വരുന്ന പണനയ അവലോകന യോഗത്തിലും നിരക്കുയര്‍ത്തല്‍ തുടര്‍ന്നേക്കുമെന്ന് സൂചന. നേരിയ കുറവുണ്ടെങ്കിലും പണപ്പെരുപ്പം ഇപ്പോഴും തുടരുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍, ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും 25-35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കാമെന്നുള്ള റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ആര്‍ബിഐയുടെ പണനയ അവലോകന യോഗം നടക്കുന്നത്.

ഈ വര്‍ഷം മേയ് മുതല്‍ നാല് തവണയായി ആര്‍ബിഐ 190 ബേസിസ് പോയിന്റ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി. ഇപ്പോള്‍ അടിസ്ഥാന പലിശ നിരക്ക് 5.90 ശതമാനമാണ്. കഴിഞ്ഞ മൂന്ന് പണനയ അവലോകനത്തിലും അര ശതമാനം വീതമാണ് നിരക്കുയര്‍ത്തിയത്. അടിസ്ഥാന പലിശ നിരക്കിലുണ്ടാകുന്ന വര്‍ധന വായ്പ ചെലവുകള്‍ ഉള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഓരോ തവണ നരക്കുയര്‍ത്തലിനുശേഷവും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെല്ലാം വായ്പ നിരക്കില്‍ മാറ്റം വരുത്താറുണ്ട്.

ഇപ്പോള്‍ ഭവന വായ്പ അടക്കുമുള്ള വായ്പകളുടെ ചെലവ് ഏകദേശം രണ്ട ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കുടുംബ ബജറ്റിനെ പ്രത്യേകിച്ച് ഇടത്തരം വരുമാന പരിധിയില്‍ വരുന്നവരുടെ ബജറ്റിനെ കാര്യമായി തന്നെ ബാധിക്കും. ഇഎംഐ വര്‍ധിക്കാനോ അല്ലെങ്കില്‍ വായ്പ കാലയളവ് വര്‍ധിക്കാനോ നിരക്കുയര്‍ത്തല്‍ കാരണമാകുന്നുമുണ്ട്. നിലവില്‍ ഭവന വായ്ക്ക് മിക്ക ബാങ്കുകളും എട്ട് ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക് ഈടാക്കുന്നത്.

പലിശ നിരക്കുയര്‍ത്തല്‍, രാജ്യത്തെ മൂലധന നിക്ഷേപങ്ങളെയും പിന്നോട്ട് വലിക്കുന്ന ഘടകമാണ്. കോവിഡിനു ശേഷം പ്രതിസന്ധിയിലായ എംഎസ്എംഇ തുടങ്ങിയ സംരംഭ മേഖലകള്‍ അവരുടെ മൂലധന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കൂടുതലായും ആശ്രയിക്കുന്നത് ബാങ്ക് വായ്പകളെയാണ്. എന്നാല്‍, പലിശ നിരക്കുയര്‍ത്തല്‍ ഇത്തരം വായ്പകളെടുത്ത് സംരംഭം തുടങ്ങാനോ, വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കും തിരിച്ചടിയാകും.

Tags:    

Similar News