മൂത്ത് വിളഞ്ഞ് ഏലം, അടിത്തറ ശക്തമാക്കി കുരുമുളക്

  • ചെറുകിട റബറദിഷ്ടിത വ്യവസായികള്‍ക്ക് താല്‍പര്യം ലാറ്റക്സില്‍

Update: 2023-07-31 12:45 GMT

തെളിഞ്ഞ കാലാവസ്ഥ റബര്‍ ഉല്‍പാദന മേഖലയെ സജീവമാക്കി. റെയിന്‍ ഗാര്‍ഡ് ഒരുക്കിയതും അല്ലാത്തതുമായ തോട്ടങ്ങളില്‍ പുലര്‍ച്ചെ തന്നെ കര്‍ഷകര്‍ ടാപ്പിങിന് ഉത്സാഹിച്ചത് അടുത്ത മാസം പുതിയ ഷീറ്റ് ലഭ്യതയ്ക്ക് അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ടയര്‍ ലോബി. അതേ സമയം രാജ്യാന്തര റബര്‍ മാര്‍ക്കറ്റില്‍ ഇടപാടുകളുടെ ആദ്യ പകുതിയില്‍ നിരക്ക് ഉയര്‍ന്ന വിവരം ഏഷ്യയിലെ മുഖ്യ ഉല്‍പാദന രാജ്യങ്ങളെ വില ഉയര്‍ത്തി നിശ്ചയിക്കാന്‍ പ്രേരിപ്പിച്ചങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റ് ടയര്‍ ലോബിയുടെ നിയന്ത്രണത്തില്‍ നീങ്ങുന്നതിനാല്‍ വിലയില്‍ മാറ്റം സംഭവിച്ചില്ല. ഇതിനിടിയില്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുകിട റബറദിഷ്ടിത വ്യവസായികള്‍ ലാറ്റക്സില്‍ താല്‍പര്യം കാണിച്ചു. കിലോ 122 രൂപയിലാണ് ലാറ്റക്സിന്റെ ഇടപാടുകള്‍ നടന്നത്. നാലാം ഗ്രേഡ് റബര്‍ 152 രൂപയില്‍ വ്യാപാരം നടന്നു.

വിളവെടുപ്പിന് പാകമായി ഏലം

ഹൈറേഞ്ചിലെ ഏലതോട്ടങ്ങളില്‍ മൂത്ത് വിളഞ്ഞ മണികള്‍ വിളവെടുപ്പിന് സജ്ജമായത് മുന്‍ നിര്‍ത്തി സ്റ്റോക്ക് വിറ്റുമാറാന്‍ പല ഭാഗങ്ങളിലും ഇടപാടുകാര്‍ ഉത്സാഹിക്കുന്നുണ്ട്. അടുത്ത മാസം മുതല്‍ ലേലത്തിന് പുതിയ ചരക്ക് എത്തി തുടങ്ങുന്ന സൂചനകള്‍ക്കിടയിലും ചരക്ക് സംഭരിക്കാന്‍ ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും താല്‍പര്യം കാണിച്ചു. മൊത്തം 83,198 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 78,882 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയയിനങ്ങള്‍ കിലോ 2206 രൂപയിലും ശരാശരി ഇനങ്ങള്‍ 1501 രൂപയിലും കൈമാറ്റം നടന്നു.

വില വര്‍ധന പ്രതീക്ഷിച്ച് നാളികേരം

ചിങ്ങം അടുത്തതോടെ നാളികേരോപ്പന്നങ്ങളുടെ വില കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയില്‍ കൊപ്ര ശേഖരിക്കാന്‍ വന്‍കിട മില്ലുകാര്‍ക്ക് ഒപ്പം ചെറുകിട വ്യവസായികളും രംഗത്ത് ഇറങ്ങി. ഗ്രാമീണ മേഖലകളില്‍ തേങ്ങാ വെട്ടും കൊപ്ര സംസ്‌കരണവും വീണ്ടും സജീവമായി, തെളിഞ്ഞ കാലാവസ്ഥ നിലനിന്നാല്‍ മാസമദ്ധ്യതോടെ ഉയര്‍ന്ന അളവില്‍ കൊപ്ര വിപണികളിലേയ്ക്ക് എത്തി തുടങ്ങും. കൊച്ചിയില്‍ വെളിച്ചെണ്ണ 12,700 രൂപയിലും കൊപ്ര 8300 രൂപയിലും വിപണനം നടന്നു , മലബാര്‍ മേഖലയില്‍ കൊപ്ര വില 8700 രൂപ.

വിപണി ശക്തമാക്കി കുരുമുളക്

കുരുമുളക് വിലയില്‍ ഇന്ന് നേരിയ ഉണര്‍വ് ദൃശ്യമായി. വന്‍ കുതിച്ചു ചാട്ടത്തിന് ശേഷമുള്ള സാങ്കേതിക തിരുത്തലുകള്‍ വിപണിയുടെ അടിത്തറ കുടുതല്‍ ശക്തമാക്കി മാറ്റുന്നതിനാല്‍ കാര്‍ഷിക മേഖല വിപണിയിലേയ്ക്കുള്ള ചരക്ക് നീക്കത്തില്‍ കുറവ് വരുത്തി. ടെമിനല്‍ മാര്‍ക്കറ്റില്‍ ഇന്ന് 21 ടണ്‍ മുളക് മാത്രമാണ് വില്‍പ്പനയ്ക്ക് വന്നത്. നിരക്ക് കൂടുതല്‍ ആകര്‍ഷകമായി മാറുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കര്‍ഷകര്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില 100 രൂപ വര്‍ദ്ധിച്ച് 58,800 രൂപയായി, ഇതിനിടയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 7350 ഡോളറിലെത്തി.

Tags:    

Similar News