ചുക്കും മഞ്ഞളും ഓട്ടത്തില്‍; ഓണക്കാലം കാത്ത് നാളികേരം

  • വിപണിയില്‍ ഇപ്പോള്‍ താരങ്ങള്‍ ചുക്കും മഞ്ഞളുമാണ്. അത്രയേറെ ഡിമാന്റ് ഉയര്‍ന്നു കഴിഞ്ഞു

Update: 2023-07-21 11:45 GMT

നാളികേരോല്‍പ്പന്ന വിപണി ചിങ്ങ ഡിമാന്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് പുതിയ ചരക്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം വരുത്തി. പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത് അവസരമാക്കി കര്‍ഷകര്‍ വിളവെടുപ്പിന് ഉത്സാഹിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ പച്ച തേങ്ങ വരവ് ശക്തമല്ല, അതേ സമയം വരും ദിനങ്ങളില്‍ നിരക്ക് ഉയരുമെന്ന നിഗമനത്തില്‍ ഉത്പാദകര്‍ ചരക്ക് വില്‍പ്പനയ്ക്ക് സജ്ജമാക്കുന്നുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ ഏജന്‍സി കൊപ്ര സംഭരണം വ്യാപകമാക്കുമെന്ന വെളിപ്പെടുത്തല്‍ ഒരു വിഭാഗം കര്‍ഷകരെ തേങ്ങാ വെട്ടിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. സംഭരണ ഏജന്‍സി ക്വിന്റ്റലിന് 10,860 രൂപ നിരക്കില്‍ ഉത്പാദകരില്‍ നിന്നും കൊപ്ര സംഭരിക്കും. കൊപ്രയുടെ വിപണി വില 7800 രൂപ മാത്രമാണ്. ചിങ്ങം പിറക്കുന്നതോടെ എണ്ണ വിപണി ചൂടുപിടിക്കുന്നതിനൊപ്പം കൊപ്ര വിലയിലും മുന്നേറ്റം പ്രതീക്ഷിക്കാം. കൊച്ചിയില്‍ വെളിച്ചെണ്ണ 12,200 രൂപയില്‍ വ്യാപാരം നടന്നു.

വന്‍ ഡിമാന്റില്‍ ചുക്കും മഞ്ഞളും

ചുക്കിന് പിന്നാലെ മഞ്ഞള്‍ വിപണിയിലും റെക്കോര്‍ഡ് കുതിപ്പ്. സത്ത് നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം പൗഡര്‍ യൂണിറ്റുകളും വിദേശ ഓര്‍ഡര്‍ ലഭിച്ച കയറ്റമതിക്കാരും മഞ്ഞള്‍ സംഭരിക്കാന്‍ ഇറങ്ങിയതിനിടയില്‍ ചരക്ക് ക്ഷാമം രുക്ഷമായി. പിന്നിട്ട രണ്ടാഴ്ച്ചകളിലെ കനത്ത മഴയും വെള്ളപ്പെക്കവും മൂലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ കൃഷി നാശം മഞ്ഞളിന് സംഭവിച്ചത് വ്യവസായികളെ അസ്വസ്ഥരാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഞ്ഞള്‍ കൃഷി ദക്ഷിണേന്ത്യയിലാണ്. ഇതില്‍ തമിഴ്നാട്ടിലാണ് ഇപ്പോള്‍ വ്യാപകമായി മഞ്ഞള്‍ കൃഷി ചെയുന്നത്. നേരത്തെ കേരളത്തില്‍ നിന്നുള്ള ആലപ്പി ഫിങ്കര്‍ ടെര്‍മറിക്കിന് അമേരിക്കന്‍ വിപണിയില്‍ വന്‍ ഡിമാന്റ് അനുഭവപ്പെട്ടിരുന്നു. കാര്‍ഷിക കേരളം കൃഷിയില്‍ നിന്നും പിന്നോക്കം വലിഞ്ഞതോടെ മഞ്ഞളിനെ അയല്‍ സംസ്ഥാനം വാരി പുണരുകയാണുണ്ടായത്. തമിഴ്നാട് മുഖ്യ മഞ്ഞള്‍ വിപണിയായ ഈറോഡില്‍ ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 13,251 രൂപയില്‍ വ്യാപാരം നടന്നു. കൊച്ചിയില്‍ മഞ്ഞള്‍ വില 78008400 രൂപയാണ്.

സജീവമാകുന്ന റബര്‍

റബര്‍ ടാപ്പിങ് രംഗം സജീവം, സംസ്ഥാനത്തെ ഒട്ടുമിക്ക ഭാഗങ്ങളിലെയും ചെറുകിട കര്‍ഷകര്‍ റബര്‍ ടാപ്പിങിന് ഉത്സാഹിക്കുന്നുണ്ട്. ഉത്സവ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടത്താനുള്ള കര്‍ഷകരുടെ നീക്കങ്ങള്‍ വിലയിരുത്തിയാല്‍ ആഗസ്റ്റ് ആദ്യ വാരം പുതിയ ഷീറ്റ് കാര്‍ഷിക മേഖലകളില്‍ നിന്നും വില്‍പ്പനയ്ക്ക് ഇറങ്ങി തുടങ്ങും. വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടം മൂലം ഷീറ്റ് ഉത്പാദിപ്പിക്കാതെ ലാറ്റക്സായി വിറ്റുമാറാനാണ് വലിയ പങ്ക് കര്‍ഷകരും തിടുക്കം കാണിക്കുന്നത്. വിപണിളില്‍ ലാറ്റക്സിനും ക്ഷാമുണ്ടെങ്കിലും നിരക്ക് താഴ്ത്തിയാല്‍ വില്‍പ്പനക്കാര്‍ പിന്‍മാറുമെന്ന ഭീതിയിലാണ് ഉത്തരേന്ത്യന്‍ വ്യവസായികള്‍. തുടര്‍ച്ചയായ എട്ടാം ദിവസവും ലാറ്റക്സ് കിലോ 120 രൂപയില്‍ വ്യാപാരം നടന്നു. നാലാം ഗ്രേഡ് റബര്‍ വില കിലോ 153 രൂപ.

ക്ഷീണത്തോടെ ഏലം

ഏതാനും ദിവസങ്ങളായി മികവ് പ്രദര്‍ശിപ്പിച്ച ഏലത്തിന് അല്‍പ്പം തളര്‍ച്ചനേരിട്ടു. കിലോ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടന്ന മികച്ചയിനങ്ങളുടെ വില 1942 രൂപയായി താഴ്ന്നു. ഉത്പന്നത്തിന് ആഭ്യന്തര വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും അന്വേഷണങ്ങളുണ്ടെങ്കിലും വിളവെടുപ്പ് അടുത്തത് മുന്‍ നിര്‍ത്തി ഇടപാടുകാര്‍ ലേലത്തില്‍ അമിതാവേശം കാണിച്ചില്ല. ശരാശരി ഇനങ്ങള്‍ കിലോ 1394 രൂപയില്‍ കൈമാറി.


Full View


Tags:    

Similar News