വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു;തക്കാളി സംഭരിക്കും

  • വെള്ളിയാഴ്ചയോടെ ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യും
  • ഒരു മാസത്തിനിടെ തക്കാളിയുടെ വില 326.13 ശതമാനമാണ് ഉയര്‍ന്നത്
  • വീടുകളില്‍ പാചകം ചെയ്യുന്ന കറികളില്‍ നിന്നും തക്കാളിയെ ഒഴിവാക്കിയിരുന്നു

Update: 2023-07-12 11:37 GMT

ചില്ലറ വില്‍പന വില കുതിച്ചുയര്‍ന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ടികളില്‍ (Mandis) നിന്ന് തക്കാളി ഉടന്‍ സംഭരിക്കാന്‍ ഉപഭോക്തൃകാര്യ വകുപ്പ് ബുധനാഴ്ച നിര്‍ദേശം നല്‍കി.

ദേശീയ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (എന്‍സിസിഎഫ്) ദേശീയ സഹകരണ ഉപഭോക്തൃ (എന്‍സിസിഎഫ്) ഫെഡറേഷനുമാണ് നിര്‍ദേശം നല്‍കിയത്.

മാനുഫാക്ചറര്‍മാര്‍, കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ ന്യായമായ വിലയ്ക്ക്, വിളകളും പച്ചക്കറികളും മറ്റ് വസ്തുക്കളും മൊത്തത്തില്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കുന്ന ഒരു വലിയ മൊത്തവ്യാപാര വിപണിയാണ് മണ്ടി. ഇവരില്‍ നിന്നും തക്കാളി സംഭരിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ വില 326.13 ശതമാനമാണ് ഉയര്‍ന്നത്.

സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ ജുലൈ 14 വെള്ളിയാഴ്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വിതരണം ചെയ്യുന്ന തക്കാളി ഭൂരിഭാഗവും ഹിമാചല്‍ പ്രദേശില്‍ നിന്ന് ശേഖരിച്ചവയായിരിക്കും. കര്‍ണാടകയിലെ കോലാറില്‍ നിന്നും ശേഖരിച്ച തക്കാളി കുറച്ച് അളവിലും വിതരണത്തിനായി ഡല്‍ഹിയിലെത്തിക്കും.

ഗുജറാത്ത്, മധ്യപ്രദേശ്, മറ്റ് ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ തക്കാളി വിതരണത്തിനെത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നായിരിക്കും. പ്രത്യേകിച്ച് സത്താറ, നാരായണ്‍ഗാവ്, നാസിക് എന്നിവിടങ്ങളില്‍ നിന്ന്. ഓഗസ്റ്റ് മാസത്തോടെ മധ്യപ്രദേശില്‍ നിന്നും തക്കാളി വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ നാരായണ്‍ഗാവ്, ഔറംഗബാദ് മേഖലയില്‍നിന്നും ഓഗസ്റ്റ് മാസത്തില്‍ അധികമായി വിതരണം ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നു പലരും വീടുകളില്‍ പാചകം ചെയ്യുന്ന കറികളില്‍ നിന്നും തക്കാളിയെ ഒഴിവാക്കിയിരുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണശൃംഖലയിലെ ഭീമനായ മക്‌ഡൊണാള്‍ഡും തക്കാളിയെ ഒഴിവാക്കി.

തക്കാളി ചേര്‍ത്തുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇനി വിളമ്പാന്‍ കഴിയില്ലെന്ന് കാണിച്ചു ഡല്‍ഹിയിലെ മക്‌ഡൊണാള്‍ഡ് രംഗത്തുവന്നിരുന്നു.ഡല്‍ഹിയിലെ മക്‌ഡൊണാള്‍ഡിന്റെ നോര്‍ത്ത്, ഈസ്റ്റ് ബ്രാഞ്ചുകളാണ് ഇക്കാര്യം ജുലൈ 7ന് അറിയിച്ചത്.

തക്കാളി കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങളിലെ ചൂട്, വിതരണ ശൃംഖലയെ താറുമാറാക്കിയ കനത്ത മഴ എന്നിവ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും വിലയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായത്.

ജുലൈ 6ന് ഡല്‍ഹിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 രൂപയായിരുന്നു. 2023ന്റെ ആരംഭത്തില്‍, ജനുവരിയില്‍ കിലോ 22 രൂപയായിരുന്നു വില. ജനുവരിയില്‍ പെട്രോളിന് ലിറ്ററിന് വില 96 രൂപയായിരുന്നു.

ഇന്ത്യയില്‍ ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് മൊത്തം തക്കാളി കൃഷിയുടെ 60 ശതമാനവും. സാധാരണയായി എല്ലാ വര്‍ഷവും ജൂണ്‍-ജുലൈ മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും

തക്കാളി വില വര്‍ധന രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് പ്രധാനമായും ഈ കാലയളവില്‍ ഉല്‍പ്പാദനം കുറയുന്നതു മൂലമാണ്. എന്നാല്‍ ഇപ്രാവിശ്യം കര്‍ഷകര്‍ തക്കാളി കൃഷിക്ക് പ്രാധാന്യം നല്‍കാതെ മറ്റ് കൃഷിയിലേക്കു തിരിഞ്ഞതും പ്രതികൂല കാലാവസ്ഥയുമാണു തക്കാളിയുടെ വില വര്‍ധിക്കാന്‍ കാരണമായത്.

തക്കാളി വില വര്‍ധിച്ചപ്പോള്‍ ചിലര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസിലൂടെ വാങ്ങുന്നത് പതിവാക്കുകയുണ്ടായി. ഓണ്‍ലൈനില്‍നിന്നും വാങ്ങിയാല്‍ വില കുറച്ചു ലഭിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇങ്ങനെ വാങ്ങിയത്.

ഫ്‌ളിപ്കാര്‍ട്ടില്‍ ജുലൈ ഏഴാം തീയതി ഒരു കിലോ തക്കാളിയുടെ വില 93 രൂപയായിരുന്നു. ബെംഗുളുരിവിലാണ് ഈ വിലയില്‍ ഫ്‌ളിപ്കാര്‍ട്ട് വിറ്റഴിച്ചത്.

റിലയന്‍സിന്റെ ജിയോ മാര്‍ട്ടില്‍ 104 രൂപയ്ക്കും വിറ്റും. സെപ്‌റ്റോയില്‍ 116, ബിഗ് ബാസ്‌ക്കറ്റില്‍ 119, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടില്‍ 120, സൊമാറ്റോയുടെ ബ്ലിങ്കിറ്റില്‍ 121 രൂപ എന്നിങ്ങനെയായിരുന്നു ജുലൈ ഏഴിന് തക്കാളിയുടെ വില.

Tags:    

Similar News