കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷ, വിദേശമാന്ദ്യം മറയാക്കി ടയര്‍ വ്യവസായികള്‍ റബര്‍ വിലകുറച്ചു

നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ വരവ് ഒരുലക്ഷം കിലോയ്ക്ക് അടുത്ത് എത്തിയത് വാങ്ങലുകാരെയും വില്‍പ്പനക്കാരെയും ഒരുപോലെ ഞെട്ടിച്ചു.

Update: 2023-01-31 14:47 GMT


ആഗോള സുഗന്ധ വ്യഞ്ജന വിപണിയില്‍ ഡോളറിന് മുന്നില്‍ കുരുമുളക് ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യന്‍ രൂപയും മലേഷ്യന്‍ റിങ്കറ്റും ഇന്തോനേഷ്യന്‍ റുപ്പയും ഡോളറിന് മുന്നില്‍ കരുത്ത് കാണിച്ചത് ഉല്‍പ്പന്നവില ആകര്‍ഷകമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈസ്റ്റര്‍ ആവശ്യങ്ങള്‍ക്കുള്ള മുളക് സംഭരണത്തിന് രംഗത്ത് ഇറങ്ങിയ അവസരമാണ്. കാര്‍ഷിക മേഖലകളില്‍ നിന്നും കൊച്ചിലേയ്ക്കുള്ള മുളക് നീക്കത്തില്‍ നേരിയ വര്‍ദ്ധനകണ്ടു, സീസണായതിനാല്‍ അടുത്തമാസം വരവ് ഉയരും.

വെളിച്ചെണ്ണ മില്ലുകാര്‍ സ്റ്റോക്ക് ഇറക്കാന്‍ ഉത്സാഹിച്ചു, മാസാരംഭമായതിനാല്‍ വില്‍പ്പനതോത് ഉയരുമെന്ന നിഗമത്തിലാണ് വ്യവസായികള്‍. അതേ സമയം ഇറക്കുമതി പാചകയെണ്ണകളുടെ താഴ്ന്നവിലയുമായി മത്സരിക്കാന്‍ വെളിച്ചെണ്ണ ക്ലേശിക്കുകയാണ്. ഗ്രമീണ മേഖലകളില്‍ നിന്നുള്ള പച്ചതേങ്ങവരവ് ഉയരുന്നത് മുന്‍ നിര്‍ത്തി മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചു.

ഏഷ്യന്‍ റബര്‍ വിപണികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഷീറ്റിന് ഡിമാന്റ് ഉയരുന്നില്ലെന്ന് കണ്ട് നിക്ഷേപകര്‍ അവധി വ്യാപാരത്തില്‍ വില്‍പ്പനയ്ക്ക് നീക്കം നടത്തി. അന്താരാഷ്ട്ര വിപണിവിലയെ അപേക്ഷിച്ച് കേരളത്തില്‍ റബര്‍ താഴ്ന്ന നിലവാരത്തില്‍ നീങ്ങുന്നതിനാല്‍ കര്‍ഷകര്‍ ചരക്ക് വില്‍പ്പനയ്ക്ക് താല്‍പര്യം കാണിച്ചില്ല. അതേസമയം വിദേശമാന്ദ്യം മറയാക്കി ടയര്‍ വ്യവസായികള്‍ വിവിധയിനം റബര്‍ വിലകുറച്ചു.

നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ വരവ് ഒരുലക്ഷം കിലോയ്ക്ക് അടുത്ത് എത്തിയത് വാങ്ങലുകാരെയും വില്‍പ്പനക്കാരെയും ഒരുപോലെ ഞെട്ടിച്ചു. സീസണ്‍ അവസാനിച്ചതിനാല്‍ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് നീക്കം ചുരുങ്ങുമെന്ന നിഗമനത്തിലായിരുന്നു ഇടപാടുകാര്‍. അതേസമയം വില്‍പ്പനയ്ക്ക് വച്ച ഏലക്കയില്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞത് വില സ്ഥിരതയ്ക്ക് അവസരംഒരുക്കി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തില്‍ സജീവമായിരുന്നു. മികച്ചയിനം കിലോ 2023 രൂപയിലും ശരാശരി ഇനങ്ങള്‍ 1131 രൂപയില്‍ ലേലം നടന്നു.


Full View


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലപെടുന്നനെ ഇടിഞ്ഞു, നാളെ നടക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗം പലിശനിരക്ക് സംബന്ധിച്ച് സ്വീകരിക്കുന്ന പുതിയ നിലപാടുകളെ കുറിച്ചുള്ള ആശങ്കയില്‍ ഒരുവിഭാഗം നിക്ഷേപകര്‍ വില്‍പ്പനകാരായി മാറിയതോടെ നിരക്ക് ഔണ്‍സിന് 1933 ഡോളറില്‍ നിന്നും 1901 ലേയ്ക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലപവന് 120 രൂപകുറഞ്ഞ് 42,000രൂപയില്‍ വ്യാപാരംനടന്നു, ഗ്രാമിന് വില 5250രൂപ. അതേസമയം വിനിമയ വിപണിയില്‍ രൂപയുടെമൂല്യം 81.49ല്‍ നിന്നും 82 ലേയ്ക്ക് ദുര്‍ബലമായി.


Tags:    

Similar News