തക്കാളി 46 ശതമാനം കുടുംബങ്ങളും 150 രൂപ നല്‍കി വാങ്ങുന്നു
- 68 ശതമാനം പേര്‍ തക്കാളിയുടെ ഉപഭോഗം കുറച്ചതായും സര്‍വേ പറയുന്നു
- 14 ശതമാനം പേര്‍ വില വര്‍ധിച്ചതോടെ തക്കാളി വാങ്ങുന്നത് നിര്‍ത്തലാക്കി
- 342 ജില്ലകളില്‍ നിന്നായി 22,000-ത്തിലധികം പേര്‍ സര്‍വേയില്‍ പങ്കെടുത്തു
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ തക്കാളി വില മൂന്ന് മടങ്ങാണു വര്‍ധിച്ചത്. മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിച്ചെങ്കിലും തക്കാളിക്കാണ് ഏറ്റവുമധികം വില വര്‍ധിച്ചത്.
ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും പാചകത്തിലെ പ്രധാന ഘടകമാണു തക്കാളി. വില വര്‍ധിച്ചെങ്കിലും ലോക്കല്‍ സര്‍ക്കിള്‍സിന്റെ (LocalCircles) സര്‍വേ പ്രകാരം, 46 ശതമാനം കുടുംബങ്ങളും 150 രൂപയ്ക്കു മുകളില്‍ വില നല്‍കി തക്കാളി വാങ്ങുന്നുണ്ടെന്നാണ്.
എന്നാല്‍ 14 ശതമാനം പേര്‍ വില വര്‍ധിച്ചതോടെ തക്കാളി വാങ്ങുന്നത് നിര്‍ത്തലാക്കിയതായും സര്‍വേയില്‍ കണ്ടെത്തി. 68 ശതമാനം പേര്‍ തക്കാളിയുടെ ഉപഭോഗം കുറച്ചതായും സര്‍വേ പറയുന്നു.
ഇന്ത്യയിലെ 342 ജില്ലകളില്‍ നിന്നായി 22,000-ത്തിലധികം പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
പ്രതികരിച്ചവരില്‍ 65 ശതമാനം പേര്‍ പുരുഷന്മാരും, 35 ശതമാനം പേര്‍ സ്ത്രീകളുമാണ്.
42 ശതമാനം പേര്‍ ടയര്‍ 1-ല്‍ നിന്നുള്ളവരും 34 ശതമാനം പേര്‍ ടയര്‍ 2-ല്‍ നിന്നുള്ളവരും 24 ശതമാനം പേര്‍ ടയര്‍ 3, 4, റൂറല്‍ മേഖലയില്‍ നിന്നുള്ളവരുമായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ വര്‍ധന രേഖപ്പെടുത്തിയ പ്രധാന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിനായി തക്കാളി സംഭരണം ഉടന്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനോടും (നാഫെഡ്) നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനോടും (എന്‍സിസിഎഫ്) ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നാഫെഡ്, എന്‍സിസിഎഫ് എന്നിവര്‍ സംഭരണം ആരംഭിക്കുകയും ജുലൈ 14 മുതല്‍ കിലോയ്ക്ക് 90 രൂപ എന്ന നിരക്കില്‍ തക്കാളി വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
