കരുത്തുകാട്ടി ചുക്ക്; നേട്ടം കൊയ്യാതെ റബര്‍

  • ക്ഷാമം ഉണ്ടാകുമെന്ന സൂചന ചുക്കിന് ഗുണമായി
  • ടയര്‍ വ്യവസായികളുടെ തണുപ്പന്‍ മനോഭാവം റബര്‍ വിപണിയില്‍ പ്രതിഫലിച്ചു
  • ഏലത്തിനും നേട്ടം കൊയ്യാനായി

Update: 2023-07-20 12:24 GMT

കയറ്റുമതി ലോബിയും ഉത്തരേന്ത്യന്‍ വ്യവസായികളും സംസ്ഥാനത്തെ ചുക്ക് വിപണിയില്‍ പിടിമുറുക്കുന്നു. ചുക്ക് ക്ഷാമം രൂക്ഷമാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ അറബ് രാജ്യങ്ങളില്‍ നിന്നും യുറോപ്പില്‍ നിന്നും പുതിയ അന്വേഷണങ്ങള്‍ പ്രവഹിച്ചത് കണ്ട് കയറ്റുമതിക്കാര്‍ വില ഉയര്‍ത്തി ചുക്ക് സംഭരിക്കാന്‍ രംഗത്ത് ഇറങ്ങി. ക്വിന്റ്റലിന് 7500 രൂപയുടെ ശക്തമായ കുതിച്ചു ചാട്ടത്തിലുടെ മികച്ചയിനം ചുക്കിന് 31,500 രൂപയായി. വിലക്കയറ്റം അനുഭവപ്പെട്ട സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പുതിയ ആവശ്യക്കാര്‍ ചുക്ക് തേടി രംഗത്ത് എത്താനുള്ള സാധ്യതകള്‍ തെളിയുമെന്നാണ്് വിലയിരുത്തല്‍. ചുക്ക് സ്റ്റോക്ക് കുറഞ്ഞതും പച്ച ഇഞ്ചിയുടെ റെക്കോര്‍ഡ് വിലക്കയറ്റവും വിപണിയെ കൂടുതല്‍ ശക്തമാക്കി മാറ്റാം.

മഴ അല്‍പ്പം കുറഞ്ഞതിനാല്‍ ഒരു വിഭാഗം ചെറുകിട കര്‍ഷകര്‍ റബര്‍ ടാപ്പിങില്‍ താല്‍പര്യം കാണിച്ചു. എന്നാല്‍ കൊച്ചി, കോട്ടയം വിപണികള്‍ ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണ്, ലാറ്റക്‌സ് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കാനാവുമെന്ന നിഗമത്തിലാണ് കര്‍ഷകര്‍ ടാപ്പിങിന് ഒരുങ്ങിയത്. ലാറ്റക്‌സിന് കിലോ 120 രൂപയില്‍ വിപണനം നടന്നു. നാലാം ഗ്രേഡ് റബര്‍ കിലോ 153 രൂപയില്‍ നീങ്ങുമ്പോള്‍ അഞ്ചാം ഗ്രേഡ് 149രൂപയിലാണ്. വിപണിക്ക് പിന്തുണ നല്‍ക്കുന്നതില്‍ ടയര്‍ വ്യവസായികള്‍ പുലര്‍ത്തുന്ന തണുപ്പന്‍ മനോഭാവം റബര്‍ ഉല്‍പ്പാദകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുകയാണ്. അതേ സമയം ഏഷ്യന്‍ റബര്‍ അവധി നിരക്കുകളില്‍ ഇടപാടുകളുടെ ആദ്യ പകുതിയില്‍ വിലക്കയറ്റം അനുഭവപ്പെട്ടു. എന്നാല്‍ വിദേശ മാര്‍ക്കറ്റിലെ ഉണര്‍വ് അതേ വേഗതയില്‍ ഇന്ത്യയില്‍ പ്രതിഫലിച്ചില്ല.

ഉല്‍പ്പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തിലും ചരക്ക് വരവ് കുറഞ്ഞത് വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. സ്റ്റോക്ക് നീക്കം നിയന്ത്രിക്കാന്‍ ഒരു വിഭാഗം മധ്യവര്‍ത്തികള്‍ കാണിച്ച തിരക്കിട്ട നീക്കം ഏലക്ക നേട്ടമാക്കി മാറ്റി. ഈഅവസരത്തില്‍ ചരക്ക് വാങ്ങാന്‍ വ്യവസായികള്‍ മത്സരിച്ചത് മികച്ചയിനങ്ങളുടെ വില കിലോ 2050 രൂപ വരെ എത്തിച്ചു. ശരാശരി ഇനങ്ങള്‍ 1273 രൂപയില്‍ കൈമാറി. മൊത്തം 18,593 കിലോ ഏലക്ക വില്‍പ്പനക്ക് എത്തിയതില്‍ 13,702 കിലോയും ലേലം കൊണ്ടു.


Full View


Tags:    

Similar News