ജാതിക്കാ വിപണി സജീവമാകുന്നു, ഓഫ് സീസണ്‍ പിടിക്കാന്‍ കുരുമുളക്

  • ഉത്തരേന്ത്യയില്‍ നിന്നുള്ള ഔഷധ വ്യവസായികള്‍ക്ക് ഒപ്പം കറിമസാല കമ്പനികളും മധ്യകേരളത്തിലെ ജാതിക്ക, ജാതിപത്രി വിപണികളില്‍ പിടിമുറുക്കുന്നു

Update: 2023-05-18 12:00 GMT

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളര്‍ സൂചിക കരുത്ത് വീണ്ടെടുത്തതോടെ രൂപയുടെ മൂല്യം 82.15 ല്‍ നിന്നും 82.60 ലേയ്ക്ക് ദുര്‍ബലമായതിന്റെ ചുവട് പിടിച്ച് ഉത്പന്ന വിലകളിലും വ്യതിയാനം സംഭവിച്ചു. ഫോറെക്സ് മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6300 ഡോളറില്‍ നിന്നും 6400 ലേയ്ക്ക് സഞ്ചരിച്ചു. വാരത്തിന്റെ തുടക്കത്തില്‍ ക്വിന്റ്റലിന് 50,600 രൂപയില്‍ വിപണനം നടന്ന ഗാര്‍ബിള്‍ഡ് കുരുമുളക് 50,900 രൂപയായി. വിലക്കയറ്റം കണ്ട് രംഗത്ത് നിന്ന് വിട്ടു നിന്നിരുന്ന അന്തര്‍സംസ്ഥാന വ്യാപാരികള്‍ ചരക്ക് സംഭരണത്തിന് ഉത്സാഹിക്കുന്നു. ആഭ്യന്തര ഡിമാന്റ് നിലനിന്നാല്‍ വിപണി ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഈ മാസം തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദന മേഖല.

ഏലം ആയിരത്തിന് മുകളില്‍

ഏലക്കയുടെ താഴ്ന്ന വില കണ്ട് വാങ്ങലുകാര്‍ സംഘടിതമായി രംഗത്ത് ഇറങ്ങിയത് ശരാശരി ഇനങ്ങളെ വീണ്ടും ആയിരം രൂപയ്ക്ക് മുകളിലെത്തിച്ചു. ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ഏകദേശം 34,000 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 31,800 കിലോയും വിറ്റഴിഞ്ഞു. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. ആഭ്യന്തര വാങ്ങലുകാരും ലേലത്തില്‍ സജീവമായിരുന്നു. മികച്ചയിനം ഏലക്ക കിലോ 1777 രൂപയിലും ശരാശരി ഇനങ്ങള്‍ 1094 രൂപയിലും ലേലം നടന്നു.

ഓഫ് സീസണ്‍ പിടിക്കാന്‍ കുരുമുളക്

ഉത്തരേന്ത്യയില്‍ നിന്നുള്ള ഔഷധ വ്യവസായികള്‍ക്ക് ഒപ്പം കറിമസാല കമ്പനികളും മധ്യകേരളത്തിലെ വിവിധ വിപണികള്‍ കേന്ദ്രീകരിച്ച് ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിക്കാന്‍ ഉത്സാഹിച്ചു. വിപണിയില്‍ ചരക്ക് വരവ് കുറവായതിനാല്‍ നിരക്ക് ഉയര്‍ത്തി വാങ്ങലുകാര്‍ ഉത്പന്നം സംഭരിക്കുമെന്ന നിഗമനത്തിലാണ് കര്‍ഷകര്‍. ഇതിനിടയില്‍ വിദേശ രാജ്യങ്ങളുമായി കച്ചവടങ്ങള്‍ ഉറപ്പിച്ചവരും ജാതിക്ക വിപണിയിലുണ്ട്. നിരക്ക് ഉയര്‍ത്താതെ കൂടുതല്‍ ചരക്ക് വാങ്ങി കൂട്ടാനുള്ള ശ്രമത്തിലാണ് മധ്യവര്‍ത്തികളും. ജാതിക്ക കിലോ 320 രൂപയിലും ജാതിപരിപ്പ് 500 രൂപയിലും വിപണനം നടന്നു.

നിരക്ക് കുറഞ്ഞ് കൊപ്ര

അയല്‍ സംസ്ഥാനത്ത് കൊപ്ര വില ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കേരളത്തിലും ഇന്ന് നിരക്ക് താഴ്ന്നു. ക്വിന്റ്റലിന് 500 രൂപയുടെ അന്തരം ദൃശ്യമായതിനെ തുടര്‍ന്ന് വില ഇടിയുമെന്ന സൂചന ഇന്നലെ തന്നെ ഉത്പാദകള്‍ക്ക് നമമള്‍ നല്‍കിയിരുന്നു. കൊച്ചിയില്‍ കൊപ്ര വില ക്വിന്റ്റലിന് 100 രൂപ കുറഞ്ഞ് 8400 ലാണ് വ്യാപാരം നടന്നത്.


Full View


Tags:    

Similar News