ഏലം അടിയോടെ മാന്തി വ്യവസായികള്‍, വിപണി വിടാതെ കുരുമുളക്

  • വെളിച്ചെണ്ണയ്ക്ക് പ്രദേശിക വിപണികളില്‍ ഡിമാന്റ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കൊപ്രയാട്ട് മില്ലുകാര്‍.

Update: 2023-05-02 11:45 GMT

ഏലക്കയുടെ ഓഫ് സീസണ്‍ വിലക്കയറ്റത്തിന് തുരങ്കംവെക്കാന്‍ വ്യവസായികള്‍ ശക്തമായ നീക്കങ്ങളുമായി രംഗത്ത്. വിളവെടുപ്പ് നിലച്ച് മൂന്ന് മാസം പിന്നിട്ടതിനാല്‍ നിരക്ക് ഉയരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സംസ്ഥാനത്തെ ഏലം

കര്‍ഷകരില്‍ ഭൂരിഭാഗവും. സീസണ്‍ കാലയളവില്‍ വില്‍പ്പനയ്ക്ക് ഇറക്കാതെ പിടിച്ചു വെച്ച ചരക്ക് മെയ്-ജൂണ്‍ കാലയളവില്‍ ഉയര്‍ന്ന വിലയ്ക്ക് കൈമാറാമെന്ന പ്രതീക്ഷ മങ്ങി. അപ്രതീക്ഷിതമായി ലേല കേന്ദ്രങ്ങളില്‍ വരവ് ഉയര്‍ന്നതിനൊപ്പം വിദേശ ചരക്കും ഇതില്‍ ഉള്‍പ്പെട്ടതായുള്ള ഊഹാപോഹം കാട്ടുതീ കണക്കെയാണ് ഉത്പാദന മേഖലയില്‍ പരന്നത്.

സീസണ്‍ കാലയളവില്‍ പോലും പലപ്പോഴും ഒരു ലേലം മാത്രം നടന്ന സ്ഥാനത്ത് ഓഫ് സീസണില്‍ രണ്ട് ലേലം വരെ നടക്കുന്നതിന് പിന്നിലും വിദേശ ചരക്കിന്റെ സാന്നിധ്യമാണെന്ന് കര്‍ഷകര്‍ സംശയിക്കുന്നു. എന്നാല്‍ ഇതിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരാന്‍ ഏലക്ക ലേലത്തിന്റ്റ ചുക്കാന്‍ നിയന്ത്രിക്കുന്ന സ്പൈസ് ബോര്‍ഡ് ഇനിയും താല്‍പര്യം കാണിക്കാത്തത് ഉത്പാദകരുടെ സംശയം ബലപ്പെടുത്തുന്നു. മികച്ചയിനം ഏലക്ക 1596 രൂപയിലും ശരാശരി ഇനങ്ങള്‍ 1159 രൂപയിലും ലേലം നടന്നു.

പിടിവിടാതെ കുരുമുളക് 

കറി മസാല നിര്‍മ്മാതാക്കളും അച്ചാര്‍ കമ്പനികളും പിന്നിട്ടവാരത്തില്‍ കുരുമുളക് ശേഖരിക്കാന്‍ കാണിച്ച ഉത്സാഹം ഉത്പന്ന വില ക്വിന്റ്റലിന് 700 രൂപ ഉയര്‍ത്തി. ആഭ്യന്തര ഡിമാന്റ് ഈ വാരവും വിപണിക്ക് താങ്ങ് പകരുമെന്ന നിഗമനത്തിലാണ് വ്യാപാര രംഗം. പോയവാരം 187 ടണ്‍ കുരുമുളക് കൊച്ചിയില്‍ വില്‍നയ്ക്ക് വന്നു.

ചരക്ക് ശേഖരിക്കാന്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ഉത്സാഹിച്ചു. ഇതിനിടയില്‍ കര്‍ണാടകയിലെ ചില ഭാഗങ്ങളില്‍ രണ്ടാം വിളവെടുപ്പ് പുരോഗമിക്കുന്നു. കേരളത്തിലെ വിലയെക്കാള്‍ താഴ്ത്തിയാണ് അവര്‍ കുരുമുളക് വില്‍പ്പന നടത്തുന്നത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കിലോ 487 രൂപ.

കൊപ്ര സ്ഥിര നിലവാരത്തില്‍

കൊപ്ര സംഭരണത്തിന്റെ മികവില്‍ തമിഴ്നാട്ടില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നെങ്കിലും കേരളത്തിലെ വിപണികളില്‍ കൊപ്ര സ്ഥിര നിലവാരത്തില്‍ നീങ്ങി. മാസാരംഭമായതിനാല്‍ വെളിച്ചെണ്ണയ്ക്ക് പ്രദേശിക വിപണികളില്‍ ഡിമാന്റ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കൊപ്രയാട്ട് മില്ലുകാര്‍.


Full View


Tags:    

Similar News