വിപണിയില്‍ ഏലക്ക പ്രാവഹം; വില ഇടിക്കാന്‍ ടയര്‍ ലോബി
- വില ഇടിഞ്ഞ് കുരുമുളക്
തമിഴ്നാട്ടിലെ വന്‍കിട വ്യവസായികള്‍ നിരക്ക് ഉയര്‍ത്തി കൊപ്ര ശേഖരിക്കുന്നതില്‍ നിന്നും പിന്നോക്കം വലിഞ്ഞു. താഴ്ന്ന തലത്തില്‍ നിന്നും വിപണിയെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എണ്ണ കമ്പനികള്‍ പക്ഷേ 9000 രൂപയില്‍ കൂടി വില കൊപ്രായ്ക്ക് വാഗ്ദാനം ചെയ്യുന്നില്ല. കാങ്കയം വിപണി രണ്ട് ദിവസമായി 9000 രൂപയിലെ പ്രതിരോധത്തിന് മുകളില്‍ ഇടം പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വ്യവസായികളുടെ തണുപ്പന്‍ മനോഭാവം ഉല്‍പാദകരെ ആശങ്കയിലാക്കുന്നു. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ മില്ലുകാര്‍ വെളിച്ചെണ്ണ സ്റ്റോക്ക് വിറ്റഴിക്കാനാണ് മുന്‍ തൂക്കം നല്‍ക്കുന്നത്. നവംബര്‍ 12 നാണ് ദീപങ്ങളുടെ ഉത്സവം. തമിഴ്നാട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ ലോബിയുടെ വെയര്‍ ഹൗസുകളില്‍ ഉയര്‍ന്ന അളവില്‍ എണ്ണ സ്റ്റോക്കുണ്ട്. ദീപാവലി വേളയില്‍ അത് വിറ്റുമാറാനുള്ള ശ്രമത്തിലാണവര്‍. അതേ സമയം കര്‍ഷകര്‍ മുന്നിലുള്ള ദിവസങ്ങളില്‍ പച്ചതേങ്ങയും കൊപ്രയും വിപണിയില്‍ ഇറക്കിയാല്‍ നിലവിലെ ഉയര്‍ന്ന വില സ്വന്തമാക്കാനാവും.
റബര്‍ വില ഇടിക്കാന്‍ ലോബികള്‍
ചൈനീസ് മാര്‍ക്കറ്റില്‍ റബര്‍ അവധി നിരക്കുകളില്‍ സംഭവിച്ച തിരിച്ചടി അവസരമാക്കി ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ സംസ്ഥാനത്തെ മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ വില ഇടിച്ചു. വിപണി ചൂടുപിടിച്ച് നിന്ന അവസരത്തില്‍ വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ തിരിച്ചടിയായതോടെ ഒരു വിഭാഗം മദ്ധ്യവര്‍ത്തികള്‍ റബര്‍ വില്‍പ്പനയില്‍ നിന്നും പിന്‍തിരിഞ്ഞു. വീണ്ടും വില ഇടിക്കാന്‍ ടയര്‍ ലോബി നീക്കം നടത്തിയാല്‍ വന്‍കിട തോട്ടങ്ങളും രംഗത്ത് നിന്നും പിന്നോക്കം വലിയുമെന്ന സൂചനയാണ് വിപണി വൃത്തങ്ങളില്‍ നിന്നും ലഭ്യമാവുന്നത്. കൊച്ചിയില്‍ നാലാം ഗ്രേഡ് ഷീറ്റ് വില 100 രൂപ ഇടിഞ്ഞ് 15,100 രൂപയായി.
ഏലക്ക പ്രവാഹം കനക്കുന്നു
ഒക്ടോബറിലെ അവസാന ലേലത്തില്‍ കനത്തതോതിലുള്ള ഏലക്ക പ്രവാഹം. തേക്കടിയില്‍ നടന്ന ലേലത്തില്‍ 87,891 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 85,337 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിക്കുന്നുണ്ട്. മികച്ച കാലാവസ്ഥയില്‍ ഉല്‍പാദനം ഉയരുന്നതിനാല്‍ ഏലക്ക വിറ്റുമാറാന്‍ കാര്‍ഷിക മേഖലയും രംഗത്തുണ്ട്. മികച്ചയിനങ്ങള്‍ കിലോ 2115 രൂപയിലും ശരാശരി ഇനങ്ങള്‍ 1447 രൂപയിലും കൈമാറ്റം നടന്നു.
കുരുമുളകിന് നഷ്ടം
കുരുമുളകിന് ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങിയതോടെ ഉല്‍പ്പന്ന വില ക്വിന്റ്റലിന് 200 രൂപ താഴ്ന്നു. അന്തര്‍സംസ്ഥാന വാങ്ങലുകാരുടെ പിന്തുണ കുറഞ്ഞതാണ് വിലയെ ബാധിച്ചത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 60,700 രൂപയായി കുറഞ്ഞു.
