ഏലം വിപണി സജീവം; റബര്‍ വിലയില്‍ ഇടിവ്

പാം ഓയില്‍ വില ഉയരുന്നു

Update: 2025-08-19 12:48 GMT

ഏലം വിപണിയില്‍ ഉത്തരേന്ത്യക്കാര്‍ സജീവം. റബര്‍ വിലയില്‍ വീണ്ടും ഇടിവ്. പാം ഓയില്‍ വില ഉയരുന്നത് വെളിച്ചെണ്ണയുടെ തിരിച്ചു വരവിന് അവസരം ഒരുക്കിയേക്കും.

ഉത്സവ ഡിമാന്റ് മുന്നില്‍ കണ്ട് ഏലത്തിന് ഉത്തരേന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. കാലവര്‍ഷം സജീവമായതിനാല്‍ സാമ്പത്തിക മേഖല കരുത്ത് നേടുന്നത് കണക്കിലെടുത്താല്‍ ഉത്സവ സീസണില്‍ ഏലത്തിന് പതിവിലും ഡിമാന്റ് അനുഭവപ്പെടുമെന്നാണ് അവിടത്തെ വന്‍കിട സ്റ്റോക്കിസ്റ്റുകളുടെ കണക്ക് കൂട്ടല്‍. അറബ് രാജ്യങ്ങളില്‍ നിന്നും യൂറോപില്‍ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. മികച്ച കാലാവസ്ഥയില്‍ വിളവ് ഉയര്‍ന്നതിനൊപ്പം ലേല കേന്ദ്രങ്ങളില്‍ ചരക്ക് വരവ് ശക്തമാണ്. ശരാശരി ഇനം ഏലക്ക കിലോ 2420 രൂപയിലും മികച്ചയിനങ്ങള്‍ 3130 രൂപയിലും ലേലം നടന്നു.

റബര്‍ വില വീണ്ടും ഇടിഞ്ഞു. ടയര്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഉത്തരേന്ത്യന്‍ വ്യവസായികളില്‍ നിന്നുമുള്ള ആവശ്യം ചുരുങ്ങിയത് ഷീറ്റ് വിലയെ ബാധിച്ചു. 19700 രൂപയില്‍ വിപണനം ആരംഭിച്ച നാലാം ഗ്രേഡ് വ്യാപാരാന്ത്യം 19500 രൂപയായി. അഞ്ചാം ഗ്രേഡ് 19100 രൂപയിലാണ്.

രാജ്യാന്തര തലത്തില്‍ പാം ഓയില്‍ വില ഉയരുന്നത് വെളിച്ചെണ്ണയുടെ തിരിച്ചു വരവിന് അവസരം ഒരുക്കിയേക്കും. ദീപാവലി വരെയുള്ള കാലയളവിലെ ആഭ്യന്തര ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് വ്യവസായികള്‍ പാം ഓയില്‍ ഇറക്കുമതിക്ക് ഉത്സാഹിച്ചത് മലേഷ്യന്‍ വിപണി ചൂടുപിടിക്കാന്‍ കാരണമായി. മാസത്തിന്റെ ആദ്യ പകുതിയില്‍ അവരുടെ എണ്ണ കയറ്റുമതി വര്‍ദ്ധിച്ചതായി

അവകാശപ്പെടുന്നു. നേരത്തെ പാചകയെണ്ണകളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രം പാം ഓയില്‍ ഇറക്കുമതി ഡ്യുട്ടിയില്‍ ഇളവ് വരുത്തിയിരുന്നു. ഓണം അടുത്തതിനാല്‍ പാം ഓയില്‍ വിലക്കയറ്റം വെളിച്ചെണ്ണയുടെ തിരിച്ചു വരവിന് വഴി തെളിക്കാം. 

Tags:    

Similar News