കുരുമുളക് വില ഉയര്‍ന്നു; വെളിച്ചെണ്ണവില താഴേക്ക്

വെളിച്ചെണ്ണ ക്വിന്റലിന് 300 രൂപ കുറഞ്ഞു

Update: 2025-08-04 12:23 GMT

കുരുമുളക് വിപണിയില്‍ തിരിച്ചു വരവിന്റെ സൂചനകള്‍ കണ്ട് തുടങ്ങി. രണ്ടാഴ്ച്ചയില്‍ ഏറെ വിലയില്‍ മാറ്റമില്ലാതെ നീങ്ങിയ കുരുമുളക് വില വീണ്ടും ഉയര്‍ന്നു. വാങ്ങലുകാര്‍ സംഘടിതരായി

വിലക്കയറ്റം തടഞ്ഞത് മനസിലാക്കി കേരളത്തിലെയും കര്‍ണാടകത്തിലെയും സ്റ്റോക്കിസ്റ്റുകളും കര്‍ഷകരും കഴിഞ്ഞവാരങ്ങളില്‍ വില്‍പ്പന ചുരുക്കിയത് അന്തര്‍സംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. ഒടുവില്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കി.

ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ വന്‍ ഓര്‍ഡറുകള്‍ കുരുമുളകിന് എത്തുമെന്ന പ്രതീക്ഷയിലാണ് ഉല്‍പാദകര്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളക് ഇന്ന് 100 രൂപ ഉയര്‍ന്ന് 66,700 രൂപയായി.

സംസ്ഥാനത്തിന്റൈ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ദൃശ്യമായത് റബര്‍ ഉല്‍പാദകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. കര്‍ക്കിടകം രണ്ടാം പകുതിയില്‍ തെളിവ് കണ്ടാല്‍ റബര്‍ ടാപ്പിങ്

ഊര്‍ജിതമാക്കാനുള്ള് ഒരുക്കത്തിലാണ് കര്‍ഷകര്‍. റബര്‍ വില കിലോ 202 രൂപയില്‍ സഞ്ചരിക്കുന്നതും ടാപ്പിങിന് കര്‍ഷകരെ പ്രേരിപ്പിക്കും ലാറ്റക്സ് വില കിലോ 133 രൂപയാണ്.

അതേ സമയം കഴിഞ്ഞ വാരം ഏഷ്യന്‍ റബര്‍ അവധി വ്യാപാര രംഗത്ത് ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം നിലനിന്നു. ബാധ്യതകള്‍ വിറ്റുമാറാന്‍ ജപ്പാന്‍, സിംഗപ്പൂര്‍, ചൈനീസ് വിപണികളില്‍

കഴിഞ്ഞവാരം ഇടപാടുകാര്‍ കാണിച്ച തിടുക്കം മൂലം വില അഞ്ച് ശതമാനം ഇടിഞ്ഞു. തായ്ലന്‍ഡില്‍ കാലാവസ്ഥ തെളിഞ്ഞതോടെ ബാങ്കോക്കില്‍ ഇന്ന് ഷീറ്റ് വില കിലോ 2 രൂപ കുറഞ്ഞ് 178 രൂപയായി.

നാളികേരോല്‍പ്പന്നങ്ങളുടെ വില കേരളത്തിലും തമിഴ്നാട്ടിലും കുറഞ്ഞു. കൊച്ചിയില്‍ വെളിച്ചെണ്ണ ക്വിന്റലിന് 300 രൂപയും തമിഴ്നാട്ടില്‍ 675 രൂപയും ഇടിഞ്ഞു. സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാന്‍ മില്ലുകാര്‍ കാണിച്ച തിടുക്കവും കൊപ്ര സംഭരണത്തില്‍ അവര്‍ വരുത്തിയ നിയന്ത്രണവും വിലയെ ബാധിച്ചു. കേരളത്തില്‍ കൊപ്രയ്ക്ക് 300 രൂപയും കാങ്കയം വിപണിയില്‍ 500 രൂപയും ഇടിഞ്ഞു. 

Tags:    

Similar News