മധുരമിട്ട് കാപ്പി; എരിവേറുന്ന കുരുമുളക്
- അറബിക്ക കാപ്പിക്കാണ് വിദേശ വിപണികളില്‍ സ്വീകാര്യത
- ചലനമില്ലാതെ നാളികേരവില
വിയറ്റ്‌നാമില്‍ നിന്നുള്ള കാപ്പി കയറ്റുമതി ഒരുവര്‍ഷകാലയളവില്‍ 11 ശതമാനം ഇടിഞ്ഞ വിവരം പുറത്തുവന്നതോടെ യുറോപ്യന്‍ രാജ്യങ്ങളും പശ്ചിമേഷ്യയും ഇന്ത്യന്‍ കാപ്പിയിലേയ്ക്ക് ശ്രദ്ധതിരിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള അറബിക്ക കാപ്പിക്കാണ് വിദേശ വിപണികളില്‍ നിന്നും ആവശ്യകാരെത്തിയത്. അടുത്ത രണ്ട് മാസങ്ങളില്‍ പുതിയ കാപ്പി കുരുവിന്റെ ലഭ്യത ഉയരുന്നതിനൊപ്പം വിദേശ ഓര്‍ഡറുകളുടെ പ്രവാഹത്തിനും തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം. തുലാവര്‍ഷം കാപ്പി കൃഷിയെയും വിളവെടുപ്പിനെയും ചെറിയ അളവില്‍ സ്വാധീനിച്ചെങ്കിലും വിദേശ അന്വേഷണങ്ങളുടെ മികവില്‍ നിരക്ക് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കാര്‍ഷിക മേഖല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുരുമുളകിന് വീണ്ടും ആവശ്യക്കാരെത്തിയത് വിലക്കയറ്റത്തിന് അവസരം ഒരുക്കി. കാര്‍ഷിക മേഖലയില്‍ നിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങിയതിനാല്‍ സ്റ്റോക്കിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വാങ്ങലുകാര്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 59,500 രൂപയായി ഉയര്‍ത്തി. എന്നാല്‍ പുതിയ വിലയ്ക്കും വില്‍പ്പനക്കാര്‍ എത്താഞ്ഞത് അന്തര്‍സംസ്ഥാന വാങ്ങലുകാരെ മുളകില്‍ പിടിമുറുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം വിദേശ കുരുമുളക് ഇറക്കുമതി 3000 ടണ്ണായി ഉയര്‍ന്ന വിവരം നാടന്‍ മുളകിന്റെ വിലക്കയറ്റത്തിന് തടസമുളവാക്കി. ഇറക്കുമതി ചരക്ക് ഏരിവിലും ഗുണമേന്‍മയിലും ഏറെ പിന്നിലായതിനാല്‍ ആഭ്യന്തര വാങ്ങലുകാര്‍ വീണ്ടും കേരളത്തില്‍ നിന്നുള്ള ചരക്കില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങള്‍ അടുത്ത സാഹചര്യത്തില്‍ വാങ്ങല്‍ താല്‍പര്യം ഉയരാം.
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല, മൂന്നാഴ്ച്ചയില്‍ ഏറെയായി കൊപ്ര 9100 രൂപയില്‍ സ്റ്റെഡിയാണ്. കൊപ്രയാട്ട് വ്യവസായികളില്‍ നിന്നുള്ള പിന്‍തുണ കുറഞ്ഞതിനാല്‍ മുന്നേറാന്‍ പല ആവര്‍ത്തി കൊപ്ര നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയില്‍ മില്ലുകാര്‍ വെളിച്ചെണ്ണ വില ഉയര്‍ത്തി സ്റ്റോക്ക് വിറ്റുമാറാന്‍ നീക്കം നടത്തി. മാസാരംഭമായതിനാല്‍ പ്രാദേശിക തലത്തില്‍ നിന്നും എണ്ണയ്ക്ക് മുന്നിലുള്ള ദിവസങ്ങളില്‍ ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍. പച്ചതേങ്ങയ്ക്ക് ആവശ്യം വര്‍ധിച്ചത് വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരുന്നുണ്ട്.
നവംബറിലെ അവസാന ലേലത്തില്‍ ഇന്ന് മൊത്തം 68,186 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 67,877 കിലോയും വാങ്ങലുകാര്‍ കൊത്തിപെറുക്കി. മികച്ചയിനങ്ങള്‍ കിലോ 2328 രൂപ.
