ജാതിക്ക ഡിമാന്റില്‍; പ്രതിവാര നേട്ടത്തില്‍ റബര്‍

  • നാലാഴ്ച്ചകളിലെ തളര്‍ച്ചയ്ക്ക് ശേഷം പ്രതിവാര നേട്ടത്തില്‍ റബര്‍
  • ജാതിക്ക, ജാതിപത്രിയും ശേഖരിക്കാന്‍ വ്യവസായികള്‍
  • ഏലക്കാ ലേലം മുന്നേറുന്നു

Update: 2024-05-10 12:22 GMT

രാജ്യാന്തര റബര്‍ അവധി വ്യാപാരത്തില്‍ ഉല്‍പ്പന്ന വില നാലാഴ്ച്ചകളിലെ തളര്‍ച്ചയ്ക്ക് ശേഷം പ്രതിവാര നേട്ടത്തില്‍. ജപ്പാന്‍ എക്സ്ചേഞ്ചിലെ ഉണര്‍വ് അടുത്ത വാരം ഏഷ്യന്‍ റബറിന് ഉണര്‍വ് പകരുമെന്ന പ്രതീക്ഷയിലാണ് റബര്‍ ഉല്‍പാദന രാജ്യങ്ങള്‍. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം തായ്ലന്‍ഡില്‍ മഴ മേഘങ്ങളുടെ സാന്നിധ്യം കണ്ടത് റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയര്‍ത്തും. സംസ്ഥാനത്ത് റബര്‍ വിലയില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല. അതേ സമയം ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകള്‍ കാലവര്‍ഷത്തിന് മുന്നേ ഷീറ്റ് വില്‍പ്പനയ്ക്ക് നീക്കം തുടങ്ങിയെന്ന് വിപണി വൃത്തങ്ങള്‍. കൊച്ചിയില്‍ ലാറ്റക്സ് കിലോ 122 രൂപയിലും നാലാം ഗ്രേഡ് 180 രൂപയിലുമാണ്.

ജാതിക്ക

ജാതിക്ക, ജാതിപത്രിയും ശേഖരിക്കാന്‍ വ്യവസായികള്‍ നീക്കം തുടങ്ങി. കറിമസാല നിര്‍മ്മാതാക്കളും ചില ഔഷധ വ്യവസായികളും വിപണിയിലുണ്ടെങ്കിലും വില ഉയര്‍ത്താന്‍ അവര്‍ ഉത്സാഹം കാണിച്ചില്ല. ജൂണില്‍ മഴയ്ക്ക് മുന്നേ സംഭരണം നടത്തിയാല്‍ ഉണക്ക് കൂടിയ ചരക്ക് കരുതല്‍ ശേഖരത്തില്‍ എത്തിക്കാനാവുമെന്നാണ് ഉത്തരേന്ത്യന്‍ വാങ്ങലുകാരുടെ വിലയിരുത്തല്‍. ഉയര്‍ന്ന പകല്‍ താപനിലയായതിനാല്‍ വിപണികളില്‍ എത്തുന്ന ചരക്കിന് ഉണക്ക് കൂടുതലാണ്, എന്നാല്‍ ചില ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചരക്ക് വേണ്ട വിധം സംസ്‌കരിക്കാതെ വില്‍പ്പനയ്ക്ക് ഇറക്കുന്നത് വിലയെ ബാധിച്ചു. ജാതിക്ക തൊണ്ടന്‍ കിലോ 250 രൂപയിലും ജാതിപരിപ്പ് 450 രൂപ. 

ഏലം

ഏലക്ക ലേലത്തില്‍ വീണ്ടും വരവ് ഉയര്‍ന്നു. വാങ്ങല്‍ താല്‍പര്യം ശക്തമായിരുന്നതിനാല്‍ 53,458 കിലോ ഏലക്ക വന്നതില്‍ 53,110 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വ്യാപാരികള്‍ ഉല്‍പ്പന്നത്തില്‍ കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചതോടെ ശരാശരി ഇനങ്ങള്‍ കിലോ 2016 രൂപയായും മികച്ചയിനങ്ങള്‍ 2780 രൂപയായും ഉയര്‍ന്നു.

Tags:    

Similar News