ചൂടുപിടിച്ച് ചുക്ക്; പ്രതിരോധം മറികടന്ന് ഏലം
- കുരുമുളകിന് ജനുവരിക്ക് ശേഷം നിരക്ക് വര്‍ധിച്ചേക്കാം
ടെര്‍മിനല്‍ മാര്‍ക്കറ്റിനെ തഴഞ്ഞ്, അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളകിനായി വീണ്ടും കാര്‍ഷിക മേഖലകളിലേയ്ക്ക് ശ്രദ്ധതിരിച്ചു. വിപണി ചരക്ക് ക്ഷാമത്തില്‍ നീങ്ങുന്നതിനാല്‍ വിലക്കയറ്റ സാധ്യതകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യേത്തോടെയാണ് ഉല്‍പാദകരില്‍ നിന്നും നേരിട്ട് മുളക് ശേഖരിക്കാന്‍ ഉത്തരേന്ത്യക്കാര്‍ ശ്രമം തുടങ്ങിയത്. മികച്ചയിനം കുരുമുളക് കൈവശമുള്ള കര്‍ഷകര്‍ പക്ഷേ, പത്തായങ്ങളിലുള്ള ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഇനിയും താല്‍പര്യം പ്രകടിപ്പിക്കുന്നില്ല.
ഉണക്ക് കുറഞ്ഞതും ലിറ്റര്‍ വെയിറ്റ് കൂടിയതുമായ ഹൈറേഞ്ച്, വയനാടന്‍ മുളക് വര്‍ഷങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാനാവുമെന്നതും നിലവിലെ വിലയിലും വിപണി ഇനിയും മുന്നേറുമെന്ന പൊതുവേയുള്ള വിലയിരുത്തലുകളും അവരെ വില്‍പ്പനയില്‍ നിന്നും അകറ്റുന്നു. അടുത്ത സീസണില്‍ ഉല്‍പാദനം കുറഞ്ഞാല്‍ ജനുവരിക്ക് ശേഷം നിരക്ക് വീണ്ടും ഉയരുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. അതേ സമയം ഇതേ കാഴ്ച്ചപ്പാടുള്ള അന്തര്‍സംസ്ഥാന ഇടപാടുകാര്‍ എത്രയും വേഗത്തില്‍ ചരക്ക് കൈപ്പി ടിയില്‍ ഒരുക്കാന്‍ ശ്രമം നടത്തുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 7900 ഡോളര്‍.
ഡിമാണ്ട് ഉയർന്ന് ചുക്ക്
ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങുന്നതിനിടയില്‍ ചുക്കിന് ആവശ്യക്കാരെത്തിത്തുടങ്ങി. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തണുപ്പിന് തുടക്കം കുറിച്ചു. മണ്‍സൂണിന്റെ പിന്‍മാറ്റവും ശൈത്യത്തിന്റെ വരവും പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നത് തടയാനാണ് അവര്‍ ചുക്കിന്റെ ഉപയോഗം ഉയര്‍ത്തുന്നത്. തണുപ്പ് കാലം ജനുവരി അവസാനം വരെ തുടരുമെന്നതിനാല്‍ ചുക്ക് വിപണി മുന്നിലുള്ള മാസങ്ങളില്‍ ചൂടുപിടിച്ച് നില്‍ക്കാം. കൊച്ചിയില്‍ വിവിധയിനം ചുക്ക് വില 30,000-32,500 രൂപയാണ്. നിരക്ക് 34,000 ലേയ്ക്ക് അടുക്കാനുള്ള ശ്രമത്തിലാണ്. ശൈത്യം ശക്തമാക്കുന്നതോടെ വാങ്ങലുകാര്‍ ചുക്കില്‍ പിടിമുറുക്കാന്‍ സാധ്യത.
സര്‍വ്വശക്തിയില്‍ മുന്നേറി ഏലം
ഏലക്ക വീണ്ടും സര്‍വശക്തിയും പ്രയോഗിച്ച് മുന്നേറി. ആഭ്യന്തര, വിദേശ വാങ്ങല്‍ താല്‍പര്യത്തില്‍ മികച്ചയിനം ഏലക്ക വില കിലോയ്ക്ക് 3000 രൂപയിലെ പ്രതിരോധം മറികടന്നു. കയറ്റുമതി മേഖല ചരക്ക് സംഭരണത്തിന് മത്സരിച്ചതോടെ വലിപ്പം കൂടി ഇനങ്ങളുടെ വില കിലോ 3051 രൂപയായി. ശരാശരി ഇനങ്ങള്‍ കിലോ 1749 രൂപ. ഉത്സവ ഡിമാന്റ് മുന്നില്‍ കണ്ടുള്ള വാങ്ങല്‍ വരും ദിനങ്ങളിലും അനുഭവപ്പെടുമെന്ന നിഗമനത്തിലാണ് ഉല്‍പാദകര്‍. മൊത്തം 66,077 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 64,664 കിലോയും ലേലം കൊണ്ടു.
