ഏലക്ക വിലയില്‍ ഇടിവ്; വെളിച്ചെണ്ണ, കൊപ്ര വിലകള്‍ ഉയര്‍ന്നു

Update: 2025-05-09 11:59 GMT

ഏലക്ക വിലയില്‍ ഇടിവ്. ജനുവരിയില്‍ കിലോ ഗ്രാമിന് 3000 രൂപയ്ക്ക് മുകളില്‍ കൈമാറ്റം നടന്ന ശരാശരി ഇനങ്ങള്‍ക്ക് ഇന്ന് കിലോ 1972 രൂപയായി താഴ്ന്നു. മികച്ചയിനങ്ങള്‍ 2549 രൂപയിലും കൈമാറ്റം നടന്നു. കാര്‍ഷിക മേഖലയില്‍ നടന്ന ലേലത്തില്‍ 15,630 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 13,742 കിലോ മാത്രമാണ് വിറ്റഴിഞ്ഞത്. ആഭ്യന്തര ഇടപാടുകാര്‍ക്ക് ഒപ്പം വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ച കയറ്റുമതിക്കാരും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചു.

സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ ഞെട്ടിച്ച് ഉല്‍പ്പന്ന വില ക്വിന്റ്റലിന് 500 രൂപ ഇടിഞ്ഞു. ആഭ്യന്തര ഡിമാന്റ് കുറഞ്ഞതിനാല്‍ കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 68,500 രൂപയായി താഴ്ന്നു.

സംസ്ഥാനത്ത് വീണ്ടും വരണ്ട കാലാവസ്ഥ നിലനിന്നതിനാല്‍ നേരത്തെ അനുഭവപ്പെട്ട വേനല്‍ മഴയുടെ മികവില്‍ റബര്‍ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് വരവ് കുറവാണെങ്കിലും ടയര്‍ വ്യവസായികളുടെ പിന്‍തുണ കുറഞ്ഞത് മുന്നേറ്റത്തിന് തടസമായി. നാലാം ഗ്രേഡ് റബര്‍ കിലോ 195 രൂപയിലും അഞ്ചാം ഗ്രേഡ് 192 രൂപയിലും ഇടപാടുകള്‍ നടന്നു.

വെളിച്ചെണ്ണ, കൊപ്ര വിലകള്‍ വീണ്ടും ഉയര്‍ന്നു. പച്ചതേങ്ങയ്ക്കും കൊപ്രയ്ക്കും നേരിട്ട ക്ഷാമം മുന്‍ നിര്‍ത്തി മില്ലുകാര്‍ വില ഉയര്‍ത്തി ചരക്ക് ശേഖരിച്ചു. കൊച്ചിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വെളിച്ചെണ്ണ വില ഉയര്‍ന്ന് ക്വിന്റ്റലിന് 26,600 രൂപയായി. കൊപ്ര 17,800 രൂപയില്‍ വിപണനം നടന്നു.

ഇന്നത്തെ കമ്പോള നിലവാരം 



Tags:    

Similar News