സര്‍വകാല റെക്കാര്‍ഡിൽ വെളിച്ചെണ്ണ വില; കുരുമുളക്‌ വിപണിയിൽ വീണ്ടും ഉണർവ്‌

Update: 2025-05-15 12:33 GMT

കാലാവസ്ഥ വ്യതിയാനം മുലം നാളികേരോൽപ്പാദനം കുറഞ്ഞത്‌ റെക്കോർഡ്‌ വിലയ്‌ക്ക്‌ അവസരം ഒരുക്കി. നാളികേര ഉൽപാദനത്തിൽ സംഭവിച്ച കുറവ്‌ വർഷാന്ത്യം വരെ തുടരുമോയെന്ന ആശങ്കയിലാണ്‌ കൊപ്രയാട്ട്‌ വ്യവസായ രംഗം. കൊപ്ര സർവകാല റെക്കോർഡ്‌ വിലയായ 18,300 രൂപയിൽ നീങ്ങുമ്പോഴും മില്ലുകാർ ചരക്ക്‌ ക്ഷാമത്തിൽ നട്ടം തിരിയുകയാണ്‌. കേന്ദ്രം കൊപ്രയ്‌ക്ക്‌ പ്രഖ്യാപിച്ച താങ്ങ്‌ വിലയായ 11,582 രൂപയിൽ നിന്നും ഇതിനകം ക്വിൻറ്റലിന്‌ 6718 രൂപ ഉയർന്നാണ്‌ ഇടപാടുകൾ നടക്കുന്നത്‌. കൊച്ചിയിൽ വെളിച്ചെണ്ണയ്‌ക്ക്‌ ഇന്ന്‌ ക്വിൻറ്റലിന്‌ 200 രൂപ കയറി റെക്കോർഡായ 27,400 രൂപയായി.

സംസ്ഥാനത്തെ മുഖ്യ വിപണികളിൽ റബർ വിലയിൽ മാറ്റമില്ല,  നാലാം ഗ്രേഡ്‌ കിലോ 197 രൂപ. ഏഷ്യൻ രാജ്യങ്ങൾ ടാപ്പിങ്‌ സീസണിന്‌ ഒരുങ്ങുന്ന സാഹചര്യത്തിൽ വൈകാതെ അവർ വിൽപ്പനക്കാരായി മാറും. പുതിയ ഷീറ്റ്‌ തയ്യാറാവും മുന്നേ സ്‌റ്റോക്ക്‌ വിറ്റഴിക്കാനുള്ള സാധ്യത വിലയിൽ പ്രതിഫലിക്കാം. ഇതിൻെറ സൂചന പോലെ ഇന്നലെ തായ്‌ലാൻഡിൽ റബർ വില ഇടിഞ്ഞു, എന്നാൽ ഇന്ന്‌ അവരുടെ വിലയിൽ മാറ്റമില്ല, കിലോ 203 രൂപ.

ഉൽപാദന മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും സജീവമായിരുന്നു. ആകെ 22,000 കിലോ ഏലക്ക മാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌. കുരുമുളക്‌ വിപണിയിൽ വീണ്ടും ഉണർവ്‌, ഇന്നും ഇന്നലെയുമായി ക്വിൻറ്റലിന്‌ 200 രൂപ വർദ്ധിച്ച്‌ അൺ ഗാർബിൾഡ്‌ 68,200 രൂപയിലും ഗാർബിൾഡ്‌ 70,200 രൂപയിലും വിപണനം നടന്നു. കൊച്ചിയിൽ ആകെ 25 ടൺ കുരുമുളകാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌.

ഇന്നത്തെ കമ്പോള നിലവാരം 



Tags:    

Similar News