നാളികേരോൽപ്പന്ന വിപണിയിലെ കുതിച്ചുചാട്ടത്തിന് വേഗയേറി. കൊച്ചിയിൽ തുടർച്ചയായ രണ്ടാം ദിവസവും വെളിച്ചെണ്ണ വില ക്വിൻറ്റലിന് 300 രൂപ വർദ്ധിച്ച് സർവകാല റെക്കോർഡ് വിലയായ 29,600 രൂപയിൽ വിപണനം നടന്നു. കൊപ്ര വില 200 രൂപ കയറി 19,700 രൂപയായി ഉയർന്നു, തമിഴ്‌നാട്ടിൽ നിരക്ക് 20,000 രൂപയാണ്, അവിടെ വെളിച്ചെണ്ണ 29,650 രൂപയിലാണ്.
സംസ്ഥാനത്ത് റബർ വില കിലോ 200 രൂപയായി ഉയർന്നു. കർഷകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് റബർ ഡബിൾ സെഞ്ചുറി കൈവരിക്കുന്നത്. അഞ്ചാം ഗ്രേഡ് റബർ കിലോ 197 രൂപയിലും ലാറ്റക്‌സ് 140 രൂപയിലും കൈമാറി. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില 199 രൂപയിൽ നിന്നും 201 രൂപയായി.
കുരുമുളകിൻെ ബാധിച്ച വില ഇടിവ് തുടരുന്നു, അന്തർസംസ്ഥാന വാങ്ങലുകാർ മുളക് സംഭരണത്തിൽ വരുത്തിയ കുറവും രാജ്യാന്തര വിപണിയിലെ മരവിപ്പും വിലയെ ബാധിച്ചു. അന്താരാഷ്‌ട്ര മാർക്കറ്റിൽ വിയെറ്റ്‌നാം ഉൽപ്പന്ന വില വീണ്ടും കുറച്ച് വിദേശ കച്ചവടങ്ങൾ ഉറപ്പിക്കാൻ ശ്രമം തുടരുകയാണ്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില ക്വിൻറ്റലിന് 200 രൂപ കുറഞ്ഞ് 68,800 രൂപയായി.
ഇന്നത്തെ കമ്പോള നിലവാരം
