നമ്മുടെ ഓണം നമ്മുടെ പൂവ്; നേട്ടം കൊയ്ത് കുടുംബശ്രീ

  • 186.37 ഏക്കറില്‍ കൃഷിയിറക്കി തൃശൂര്‍ ജില്ലയാണ് പൂ കൃഷിയില്‍ മുന്നിലെത്തിയിരിക്കുന്നത്

Update: 2023-09-01 09:15 GMT

ആളും ആരവവുമായി ഒരു ഓണക്കാലം കൂടി നമ്മെ കടന്ന് പോയിരിക്കുകയാണ്. ഓണക്കാലം കഴിഞ്ഞാലും ചര്‍ച്ചയാകുന്നത് കേരളത്തില്‍ വിരിഞ്ഞ പൂക്കളാണ്. ഉപഭോക്തൃ സംസ്‌കാരത്തില്‍ നിന്നും കേരളം, പൂക്കളുടെ കൃഷി ഭൂമിയായ കാഴ്ച്ചക്കാണ് ഈ ഓണം സാക്ഷ്യം വഹിച്ചത്. നമ്മുടെ ഓണം നമ്മുടെ പൂവ്. ഓണത്തിന് മാത്രമല്ല എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാവുന്നതാണ്.

അത്തം മുതല്‍ തിരുവോണം വരെ പൂക്കളങ്ങള്‍ നിറയുന്ന ഓണക്കാലം പണ്ട് നാടന്‍ പൂക്കളാലായിരുന്നു സമ്പന്നം. വൈകൂന്നേരങ്ങളിലെ കൂട്ടം കൂടിയുള്ള പൂപ്പറിക്കലും വിശേഷങ്ങളും മലയാളിക്കിന്ന് ഗൃഹാതുരമായ ഓര്‍മകളായി മാറിയിരിക്കുകയാണ്. 'പൂവേ പൊലി' പൂവിളിപ്പാട്ടുകളുമായി ഇന്നില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ അത്തപ്പൂക്കളങ്ങളില്‍ കാണാനില്ലാതായി. പകരം വരവു പൂക്കള്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ഇത്തവണ തിരുമുറ്റത്തെ പൂക്കളത്തിന് ഒരു നാടന്‍ സൗരഭമുണ്ടായിരുന്നു.

നമ്മുടെ മുറ്റത്തും

നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കള്‍ എന്ന ലക്ഷ്യത്തോടെ ഓണ വിപണിയിലെ പൂവില നിയന്ത്രിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇപ്പോള്‍ പൂ കൃഷി വ്യാപകമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഈ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിഎന്നിവ വഴിയും കാര്യമായ പൂക്കൃഷി സംസ്ഥാനത്ത് ഇത്തവണ നടന്നിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പൂ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതൊന്നും പര്യാപ്തമല്ലെങ്കിലും മികച്ചൊരു ആശയവും അതുവഴി വരുമാനമാര്‍ഗ്ഗവും നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കളിലൂടെ സാധിക്കുന്നുണ്ട്.

കാട്ടാക്കട, പന്തളം, മലപ്പുറം, പൂണിത്തുറ, ബാലരാമപുരം, ആറളം തുടങ്ങി കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ പൂവസന്തം തീര്‍ക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പുകള്‍. ഒപ്പം നിരവധി ബാങ്കുകളും ഇത്തരം ഉദ്യമവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഓണം വിപണി ലക്ഷ്യമിട്ട് ആറളത്തെ 15 ഏക്കറോളം പ്രദേശത്താണ് ചെണ്ടുമല്ലി കൃഷി നടത്തിയിരിക്കുന്നത്. 100 മേനി വിളവാണ് ഈ പൂപ്പാടങ്ങള്‍ക്ക് പറയാനുള്ളത്.

ശ്രീ വിരിയിച്ച കുടുംബശ്രീ

ഇത്തവണ പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളത്തിലങ്ങോളമിങ്ങളോളം വലിയ വിജയം കണ്ടു എന്നു വേണം    വിലിരുത്താന്‍. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി മാറിയത് പൂ സ്റ്റാളുകളായിരുന്നു.

നൂറ് സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കി തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയിരിക്കുന്നത്. അടുത്ത ഓണത്തിന് കൂടുതല്‍ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. പൂകൃഷിയുടെ വിജയത്തിന് പിന്നാലെ ഓണം വിപണന മേളകളിലെ മുന്നേറ്റം കൂടി കുടുംബശ്രീ കാഴ്ച്ച വച്ചിട്ടുണ്ട്.

വാടാമല്ലി, ചെണ്ടുമല്ലി, സീനിയ, റോസ്, താമര, അരളി, ജമന്തി എന്നീ പൂക്കളാണ് പൂക്കളത്തിലെ രാജാക്കന്മാര്‍. സീസണേതായാലും എല്ലാക്കാലത്തും താരമാണ് മുല്ലപ്പൂ. മുല്ലപ്പൂവില്ലാതെ എന്ത് ആഘോഷം അല്ലേ. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവിന് 200 രൂപയാണ് വില. ചെണ്ടുമല്ലി കിലോ 60 രൂപ. റോസ് കിലോ 300 എന്നിങ്ങനെയാണ്. എന്നാല്‍ അതിര്‍ത്തി കടന്നാല്‍ വില കേട്ടാല്‍ ഞെട്ടാതെ വയ്യ. കിലോയ്ക്ക് 800 രൂപയില്‍ മുല്ലപ്പൂവും 400 രൂപ വിലയില്‍ ജാതി മല്ലിയും ഓണക്കാലത്ത് വിപണി ഭരിച്ചു. അതേസമയം അരളിപ്പൂവിന് 150 രൂപയും ചെണ്ടുമല്ലിക്ക് 400 രൂപയുമായിരുന്നു വില.

പൂക്കള്‍ ഉണ്ടായി തുടങ്ങിയതിന് ശേഷം മഴ ലഭിക്കാതെ വന്നത് ഇത്തവണ ഇരട്ടിവിളവാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ ഉത്സവ സീസണ്‍ കഴിയാത്തതിനാല്‍ മുല്ല, റോസ് തുടങ്ങിയ പൂക്കളുടെ വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതിര്‍ത്തിക്കപ്പുറത്തെ വസന്തം

പൂക്കളുടെ കേന്ദ്രമാണ് കന്യാകുമാരിക്കടുത്തുള്ള തോവാള. തിരുവിതാകൂറിന്റെ പൂക്കൂട എന്നറിയപ്പെടുന്ന തോവാള ഇപ്പോള്‍ കേരളത്തിന്റെ മൊത്തം പൂക്കൂടായായി മാറിയിരിക്കുകയാണ്. കാഴ്ച്ചയുടെ വര്‍ണ്ണ വസന്തം വിരിയിക്കുന്ന തോവാളയില്‍ കച്ചവടം പൊടിപൊടിക്കുന്നത് ഓണക്കാലത്താണ്. ചിങ്ങമാസം കല്യാണമടക്കമുള്ള ആഘോഷങ്ങളുടെ കൂടെ കാലമാണ്.

മൂവായിരത്തോളം കര്‍ഷകരാണ് തോവാളയില്‍ പൂകൃഷി ചെയ്യുന്നത്. സാധാരണ ഓണ സീസണില്‍ 15 ടണ്ണോളം പൂവാണ് വില്‍പ്പനക്കെത്തുന്നത്. 1500 ഓളം കുടുംബങ്ങളാണ് പൂക്കച്ചവടം നടത്തി ഇവിടെ ജീവിക്കുന്നത്. മധുര, ബെംഗളരു, ഹൊസൂര്‍, ഊട്ടി, കൊടയ്ക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നും തോവാള മാര്‍ക്കറ്റിലേയ്ക്ക് പൂക്കളെത്തുന്നുണ്ട്.

തോവാള മാത്രമല്ല കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും ഓണക്കാലത്ത് പൂത്തുലയുന്നത് മലയാളികള്‍ക്ക് വേണ്ടിയാണ്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്നാട്ടിലെ മേട്ടുപാളയം, കോയമ്പത്തൂര്‍, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവിടങ്ങളും കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ നിറയ്ക്കുന്നു.

Tags:    

Similar News