നിശബ്ദമായി കുരുമുളക് കയറ്റുമതി; ഏലത്തില്‍ പിടിമുറുക്കി മധ്യവര്‍ത്തികള്‍

    Update: 2024-02-02 12:35 GMT

    കുരുമുളക് കര്‍ഷകരും കാര്‍ഷിക മേഖലയിലെ സ്റ്റോക്കിസ്റ്റുകളും ഉല്‍പ്പന്ന വിലയിലെ ഇടിവ് തടയാന്‍ വിപണിയിലേയ്ക്കുള്ള ചരക്ക് നീക്കം പിടിച്ചു നിര്‍ത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ കുരുമുളകിന് നേരിട്ട തളര്‍ച്ചയാണ് ഉല്‍പാദന മേഖലയെ രംഗത്ത് നിന്നും പിന്നോക്കം വലിഞ്ഞത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 555 രുപയില്‍ വിപണനം നടന്നു. നിരക്ക് താഴ്ന്നതിനിടയില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മലബാര്‍ മുളകിന് അന്വേഷണങ്ങള്‍ എത്തി. എന്നാല്‍ വിദേശ വ്യാപാരങ്ങള്‍ സംബന്ധിച്ച് കയറ്റുമതി മേഖല നിശബ്ദത പാലിക്കുകയാണ്. പരമാവധി വില താഴ്ന്ന ശേഷം ചരക്ക് സംഭരിക്കാമെന്ന നിലപാടിലാണ് കയറ്റുമതിക്കാര്‍, അതുകൊണ്ട് തന്നെ വിദേശ അന്വേഷണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവര്‍ പുറത്തു വിടുന്നില്ല.

    ഏലം

    ഏലം വിളവെടുപ്പ് അവസാന റൗണ്ടില്‍ എത്തിയതിനിടയില്‍ ഉല്‍പാദകര്‍ കരുതല്‍ ശേഖരത്തിലേയ്ക്ക് ചരക്ക് നീക്കാന്‍ ഉത്സാഹിച്ചത് കണ്ട് മദ്ധ്യവര്‍ത്തികള്‍ ഏലത്തില്‍ പിടിമുറുക്കുന്നു. വിദേശ രാജ്യങ്ങള്‍ ഈസ്റ്റര്‍ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഏലക്ക സംഭരിച്ചെങ്കിലും വില ഉയര്‍ത്തി ചരക്ക് എടുക്കാന്‍ കയറ്റുമതി മേഖല താല്‍പര്യം കാണിച്ചില്ല. ഓഫ് സീസണില്‍ ഉല്‍പ്പന്നം കൂടുതല്‍ കരുത്ത് കാണിക്കാം. ഇന്നത്തെ ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1525 രൂപയിലും മികച്ചയിനങ്ങള്‍ 2004 രൂപയിലും കൈമാറി. മൊത്തം 36,092 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 31,726 കിലോയും വിറ്റഴിഞ്ഞു.

    റബര്‍

    ആഗോള റബര്‍ ഉല്‍പാദനം ജൂണ്‍ വരെയുള്ള കാലയളവില്‍ ചുരുങ്ങുമെന്ന് വ്യക്തമായതോടെ ഏഷ്യയിലെ പ്രമുഖ റബര്‍ ഉല്‍പാദന രാജ്യങ്ങള്‍ കരുതലോടെയാണ് പുതിയ വിദേശ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നത്. തായ്ലന്‍ഡും മലേഷ്യയും ഇന്തോനേഷ്യയും സ്റ്റോക്കിന് ഉയര്‍ന്ന വില ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ അവധി വ്യാപാരത്തില്‍ നിക്ഷേപകര്‍ ലാഭമടുപ്പിന് ഉത്സാഹിച്ചു. കേരളത്തിലും ഉല്‍പാദനം ചുരുങ്ങിയതിനാല്‍ ചരക്ക് വരവ് നാമമാത്രമാണ്. ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് കിലോ 165 രൂപയ്ക്ക് ശേഖരിച്ചു.


    Tags:    

    Similar News