ഓണത്തിന് വെളിച്ചെണ്ണവില ഉയരും; ഏലക്ക വിളവെടുപ്പ് ഊര്‍ജിതമായി

വന്‍കിട മില്ലുകാര്‍ താഴ്ന്നവിലയ്ക്ക് കൊപ്ര വാങ്ങിക്കൂട്ടി

Update: 2025-08-18 11:58 GMT

നാളികേരോല്‍പ്പന്നങ്ങളുടെ വിലയിടിവ് അവസരമാക്കി വന്‍കിട മില്ലുകാര്‍ താഴ്ന്നവിലയ്ക്ക് കൊപ്ര വാങ്ങികൂട്ടി. വ്യവസായികളുടെ ഈ നീക്കം വിപണിയുടെ തിരിച്ചുവരവിന് അവസരം ഒരുക്കും. പച്ചതേങ്ങകിലോ 80 രൂപയില്‍ നിന്നും 57വരെ ഇടിഞ്ഞങ്കിലും ഓണവേളയില്‍ വെളിച്ചെണ്ണയ്ക്ക് ഒപ്പം കൊപ്രയും പച്ചതേങ്ങവിലയും ഉയരാം. കാങ്കയത്ത് കൊപ്ര കിലോ197 രൂപയില്‍ നിന്നും 212 ലേയ്ക്ക് ഉയര്‍ന്നു. ഓണം അടുക്കുന്നതോടെ പച്ചതേങ്ങ വിലയിലും മികവ് പ്രതീക്ഷിക്കാം.

സംസ്ഥാനത്ത് ഏലക്ക വിളവെടുപ്പ് ഊര്‍ജിതം. സീസണിനിടയില്‍ തോട്ടങ്ങളില്‍ വളപ്രയോഗങ്ങള്‍ നടത്തിയവര്‍ക്ക് ഉല്‍പാദനം മെച്ചപ്പെട്ടതായി കര്‍ഷകര്‍. കാലാവസ്ഥ ഇതേനിലയില്‍ നീങ്ങിയാല്‍ അടുത്തമാസം വിളവ് ഉയരും. ഇന്ന് രണ്ട് ലേലങ്ങളിലായി 1.57 ലക്ഷംകിലോ ഏലക്കവില്‍പ്പനയ്ക്ക് ഇറങ്ങി. കയറ്റുമതിക്കാര്‍ക്ക് ഒപ്പം ആഭ്യന്തരവാങ്ങലുകാരും പുതിയ ഏലക്ക മത്സരിച്ച് ശേഖരിച്ചു. രാവിലെ നടന്ന ലേലത്തിന് 87,716 കിലോ വിറ്റഴിഞ്ഞു. ശരാശരിഇനം ഏലക്ക കിലോ 2446 രൂപയില്‍ കൈമാറി.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ടങ്കിലും റെയിന്‍ ഗാര്‍ഡ് ഒരുക്കിയ തോട്ടങ്ങളില്‍ കര്‍ഷകര്‍ ടാപ്പിങിന് അവസരം കണ്ടെത്തി. കാലാവസ്ഥ തെളിഞ്ഞാല്‍ ഷീറ്റ് ഉല്‍പാദനം കര്‍ഷകര്‍ ഉയര്‍ത്തും. നിലവില്‍ ലാറ്റക്‌സ് വില്‍പ്പനയ്ക്കാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ലാറ്റക്‌സ് വില 129 രൂപ. നാലാം ഗ്രേഡിന് കിലോ ഒരുരൂപ കുറഞ്ഞ് 197 രൂപായായി. ഏഷ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥ അനുകൂലമാകുന്നത് റബര്‍ ഉല്‍പാദനം ഉയര്‍ത്തും. സെപ്റ്റംബര്‍ മുതല്‍ ബാങ്കോക്ക് വിപണി സജീവമാകും. ബാങ്കോക്കില്‍ ഷീറ്റ് 186 രൂപയായി കുറഞ്ഞു. പുതിയഷീറ്റ് ഇറങ്ങുംമുന്നേ സ്റ്റോക്ക് വിറ്റുമാറാനുള്ള ശ്രമത്തിലാണ് തായ് മാര്‍ക്കറ്റിലെ ഒരുവിഭാഗം ഇടപാടുകാര്‍. ജപ്പാനിലെ ഒസാക്ക വിപണിയില്‍ റബര്‍ കിലോ 322 യെന്നില്‍ നിന്നും 318 ലേയ്ക്ക് താഴ്ന്നു. 

Tags:    

Similar News