മാറ്റമില്ലാതെ റബര്‍; ഏലംവില ഉയര്‍ന്നു

തമിഴ്‌നാട്ടില്‍ നാളികേരോല്‍പ്പന്നവില ഉയര്‍ന്നു

Update: 2025-08-13 12:33 GMT

പ്രതികൂല കാലാവസ്ഥയില്‍ തായ്‌ലാന്‍ഡില്‍ റബര്‍ ഉല്‍പാദനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. റബര്‍ ടാപ്പിങിന് വേണ്ടത്ര തൊഴിലാളികളെ ലഭിക്കാഞ്ഞതും തിരിച്ചടിയായി. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീലങ്കയില്‍ നിന്നും വിദഗ്ദരായ റബര്‍ വെട്ടുകാരെ എത്തിക്കാനുള്ള നീക്കത്തിലാണ് ബാങ്കോക്ക്. ജപ്പാന്‍ വിപണിയില്‍ ഈ മാസം ആദ്യമായി ഒക്ടോബര്‍അവധി കിലോ 327 യെന്‍ വരെകയറി. സംസ്ഥാനത്തെ വിപണിയില്‍ ഷീറ്റ് വിലയില്‍ മാറ്റമില്ല, നാലാംഗ്രേഡ് കിലോ 200 രൂപയിലും അഞ്ചാംഗ്രേഡ് 196 രൂപയിലും വിപണനം നടന്നു.

ഇറക്കുമതി ഏലക്ക ആഭ്യന്തര ലേലകേന്ദ്രങ്ങളില്‍ നുഴഞ്ഞ് കയറിയതായി ആക്ഷേപം ഉയര്‍ന്നു. വിളവെടുപ്പിനിടയില്‍ വില ഉയര്‍ന്ന തക്കത്തിനാണ് ഗ്വാട്ടിമാല ഏലം നാടന്‍ ചരക്കുമായി കലര്‍ത്തി ഒരുവിഭാഗം ലേലത്തിന് ഇറക്കുന്നതായ വിവരം പുറത്തുവന്നത്. ശരാശരി ഇനങ്ങള്‍ക്ക് 2440 രൂപയിലും മികച്ചയിനങ്ങള്‍ 2856 രൂപയിലും ഇന്ന് ലേലം നടന്നു.

തമിഴ്‌നാട്ടില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു. പുതിയ സാഹചര്യത്തില്‍ വരുംദിനങ്ങളില്‍ കേരളത്തിലും നിരക്ക് ഉയര്‍ത്താന്‍ നീക്കം നടക്കാം. കൊച്ചി വിപണിയില്‍ വെളിച്ചെണ്ണ, കൊപ്ര വിലകളില്‍ മാറ്റമില്ല. 

Tags:    

Similar News