ഏഷ്യന്‍ വിപണികളില്‍ റബറിന് തിരിച്ചടി; മുന്നേറാനാകാതെ കുരുമുളക്
ഏലം വിളവെടുപ്പ് ഊര്‍ജിതമാകുമെന്ന് പ്രതീക്ഷ
ഉത്തരേന്ത്യന്‍ ഡിമാന്‍ഡിനിടയിലും കുരുമുളകിന് മുന്നേറാനായില്ല. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ അവിടെനിന്നും മുളകിന് വന്‍ ഓര്‍ഡറുകള്‍ നിലവിലുണ്ട്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ സീസണില്‍ വിളവ് ചുരുങ്ങിയതിനാല്‍ വില ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹൈറേഞ്ചിലെയും ഇതര ഭാഗങ്ങളിലെയും കര്‍ഷകരും മധ്യവര്‍ത്തികളും. കാര്‍ഷികമേഖല നാടന്‍ മുളക് നീക്കം നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഉണര്‍വ് കണ്ട് തുടങ്ങുമെന്നാണ് വിപണിവൃത്തങ്ങളും വിലയിരുത്തുന്നത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,500 രൂപ.
ഏഷ്യന്‍ വിപണികളില്‍ റബറിന് തിരിച്ചടി. തായ്ലാന്‍ഡ് ഷീറ്റ് വില ക്വിന്റലിന് 1000 രൂപ ഒറ്റയടിക്ക് ഇടിഞ്ഞ വിവരം ഇന്തോനേഷ്യ, മലേഷ്യന്‍ മാര്‍ക്കറ്റുകളെയും ഞെട്ടിച്ചു. കാലാവസ്ഥ തെളിയുമെന്ന പ്രവചനങ്ങള്‍ വിവിധ ഏജന്‍സികളില്‍ നിന്നും പുറത്തുവന്നത് തായ്ലാന്‍ഡില്‍ റബര്‍ വെട്ട് പുനരാരംഭിക്കാന്‍ അവസരം ഒരുക്കുമെന്ന സൂചനയും വിലയെ ബാധിച്ചു. റബര്‍ അവധി നിരക്കുകളിലും ഇന്ന് ഇടിവ് സംഭവിച്ചു. ടയര്‍ കമ്പനികള്‍ നാലാംഗ്രേഡ് ഷീറ്റ് 20,200രൂപയ്ക്ക് വാങ്ങി, ലാറ്റക്സ് വില 13,300 രൂപ.
മഴ കുറഞ്ഞതിനാല്‍ ഏലം വിളവെടുപ്പ് ഊര്‍ജിതമാകുമെന്ന നിഗമനത്തിലാണ് ഉല്‍പാദകര്‍. പുതിയ സാഹചര്യത്തില്‍ ലേല കേന്ദ്രങ്ങളില്‍ ലഭ്യത ഉയരുമെന്നത് ആഭ്യന്തര ഇടപാടുകാര്‍ക്ക് ആശ്വാസം പകരും. ഇന്ന് നടന്ന ലേലത്തില്‍ 82,804 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു. വിദേശഓര്‍ഡര്‍ മുന്‍ നിര്‍ത്തി കയറ്റുമതിക്കാരും ചരക്ക് സംഭരിക്കുന്നുണ്ട്. ശരാശരി ഇനങ്ങള്‍ കിലോ 2666 രുപയിലും മികച്ചയിനങ്ങള്‍ 3350 രൂപയിലുമാണ് കൈമാറിയത്.
