തുലാമഴയില്‍ വീണ് റബര്‍; ദീപാവലി കാത്ത് സുഗന്ധവ്യഞ്ജനങ്ങള്‍

  • ദീപാവലി വില്‍പ്പനയില്‍ കോടികളുടെ ലാഭം പ്രതീക്ഷിച്ച് ഇറക്കുമതി ലോബി

Update: 2023-11-03 11:45 GMT

ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ദീപാവലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടയില്‍  വന്‍കിട ചെറുകിട വിപണികളില്‍ സുഗന്ധവ്യഞ്ജന വ്യാപാരം ചൂടുപിടിച്ചു. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ ഇറക്കുമതി ചരക്കും നാടന്‍ മുളകും കലര്‍ത്തിയാണ് വില്‍പ്പനയ്ക്ക് ഇറക്കുന്നത്. ഹൈറേഞ്ച് മുകളിനെ അപേക്ഷിച്ച് പകുതി വിലയ്ക്കാണ് വിയറ്റ്നാം ചരക്ക് ഇറക്കുമതി.അതിനാല്‍ തന്നെ ദീപാവലി വില്‍പ്പനയില്‍ കോടികളുടെ ലാഭമാണ് ഇറക്കുമതി ലോബി കണക്ക് കൂട്ടുന്നത്. ഇതിനിടയില്‍ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള കുരുമുളക് സംഭരണം അവര്‍ കുറച്ചത് കൊച്ചിയില്‍ ഉല്‍പ്പന്ന വില മുന്ന് ദിവസത്തിനിടയില്‍ ക്വിന്റലിന് 1100 രൂപ ഇടിഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് 59,600 രൂപയായി.

അനുദിനം ഉയര്‍ന്ന് ഏലം

മികച്ച കാലാവസ്ഥയില്‍ ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ ഏലക്ക ഉല്‍പാദനം അനുദിനം ഉയരുന്നതിനൊപ്പം പുതിയ ചരക്ക് ചെറുകിട വിപണികളില്‍ വന്‍തോതില്‍ വില്‍പ്പനയ്ക്ക് എത്തി തുടങ്ങി. ഏലക്ക ലഭ്യത ഇരട്ടിച്ചതിനൊപ്പം ലേല കേന്ദ്രങ്ങളിലും വരവ് ശക്തിയാര്‍ജിച്ചത് ആഭ്യന്തര, വിദേശ വാങ്ങലുകാര്‍ക്ക് ആവേശം പകര്‍ന്നു. ഈ മാസം പിറന്ന് ആദ്യ മൂന്ന് ദിവസങ്ങളില്‍ ഇതിനകം രണ്ടേ മുക്കാല്‍ ലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയത് വിലക്കയറ്റത്തിന് തടസമായി. ഇതിനിടയില്‍ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ ചരക്ക് വില്‍പ്പന കുറച്ചു. ഇന്ന് വരവ് ആകെ 33,000 കിലോയായി കുറഞ്ഞപ്പോള്‍ വാങ്ങലുകാര്‍ 30,000 കിലോയില്‍ ഇടപാടുകള്‍ ഒതുക്കിയതിനാല്‍ ഉയര്‍ന്ന വില കിലോ 1779 രൂപയിലും ശരാശരി വില 1397 രൂപയിലും ഒതുങ്ങി. വലിപ്പ കൂടുതലും നിറവുമുള്ള ഏലക്കയില്‍ കയറ്റുമതിക്കാര്‍ പിടിമുറുക്കുന്നുണ്ട്.

ടാപ്പിംഗ് പ്രതിസന്ധിയില്‍

തുലാമഴ കരുത്ത് നേടിയത് ചില ഭാഗങ്ങളില്‍ റബര്‍ ടാപ്പിംഗിന് ഇടയ്കിടെ തടസമുണ്ടാവുന്നുണ്ട്.  എന്നാല്‍ റെയിന്‍ ഗാര്‍ഡ് ഇട്ട  തോട്ടങ്ങളില്‍ റബര്‍ ടാപ്പിങ് മുറയ്ക്ക് നടക്കുന്നുണ്ട്.  പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിപണിയിലേയ്ക്കുള്ള ഷീറ്റ് നീക്കം മദ്ധ്യവര്‍ത്തികള്‍ നിയന്ത്രിച്ചതിനാല്‍ പ്രതീക്ഷയ്ക്ക് ഒത്ത് റബര്‍ സംഭരിക്കാന്‍ വ്യവസായികള്‍ക്കായില്ല. നാലാം ഗ്രേഡ് റബര്‍ 152 രൂപയായി ഉയര്‍ന്നു.


Full View


Tags:    

Similar News