ഇനി ആഘോഷങ്ങളുടെ കാലം; പ്രതീക്ഷ വച്ച് വെളിച്ചെണ്ണയും ഏലവും

  • ഷീറ്റ് വില ഇടിക്കുമോയെന്ന ആശങ്കയില്‍ റബര്‍ മേഖല

Update: 2023-10-06 11:15 GMT

മഴ മാറി കാലാവസ്ഥ തെളിഞ്ഞതോടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ വീണ്ടും തോട്ടങ്ങളില്‍ സജീവമായി. തൊട്ട് മുന്‍വാരത്തില്‍ കനത്ത മഴയില്‍ റെയിന്‍ ഗാര്‍ഡ് ഇട്ടതോട്ടങ്ങളില്‍ പോലും ടാപ്പിംഗിന് അവസരം ലഭിക്കാതെ പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ വലിയോരു വിഭാഗം ഉല്‍പാദകരും നിര്‍ബന്ധിതരായിരുന്നു. റബര്‍ ഉല്‍പാദനം കഴിഞ്ഞ ദിവസങ്ങളില്‍ സ്തംഭിച്ചിട്ടും വില ഉയര്‍ത്തി ഷീറ്റ് ശേഖരിക്കാന്‍ ടയര്‍ കമ്പനികള്‍ മുന്നോട്ട് വന്നതുമില്ല. കാലാവസ്ഥ തെളിഞ്ഞതിനാല്‍ വ്യവസായികള്‍ ഷീറ്റ് വില ഇടിക്കുമോയെന്ന ആശങ്കയിലാണ് റബര്‍ മേഖല. അതേ സമയം സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് കൈമാറാന്‍ ഉല്‍പാദകര്‍ തയ്യാറായില്ല. ഇതിനിടയില്‍ അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നും ടയര്‍ വ്യവസായികള്‍ നാലാം ഗ്രേഡ് ഷീറ്റ് കിലോ 144 രൂപയ്ക്ക് ശേഖരിച്ചു. 146 രൂപയില്‍ വിപണനം നടന്ന ഷീറ്റിന് കൂടിയ വില ഉറപ്പ് വരുത്താനാവുമെന്ന വിശ്വാസത്തിലാണ് വന്‍കിട ചെറുകിട കര്‍ഷകര്‍. ചൈനീസ് മാര്‍ക്കറ്റ് ഇന്ന് അവധിയായിരുന്നു. സിംഗപ്പൂര്‍ വിപണിയില്‍ റബര്‍ വില താഴ്ന്നു.

കൊപ്ര വില്‍പ്പനക്കൊരുങ്ങി നാഫെഡ്

താങ്ങ് വിലയ്ക്ക് സംഭരിച്ച കൊപ്ര നാഫെഡ് വില്‍പ്പനയ്ക്ക് ഒരുക്കി. ഏകദേശം 40,000 ടണ്‍ കൊപ്ര കേന്ദ്ര ഏജന്‍സിയുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ ആദ്യ പടിയായി 13,000 ടണ്‍ വിപണിയില്‍ ഇറക്കാനാണ് അവര്‍ നീക്കം നടത്തുന്നത്. സംഭരിച്ച കൊപ്ര വില്‍പ്പനയ്ക്ക് ഒരുക്കിയെങ്കിലും തണുപ്പന്‍ പ്രതികരണമാണ് കര്‍ണാടകത്തില്‍ നിന്നുണ്ടായത്. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ എണ്ണയ്ക്കും കൊപ്രയ്ക്കും ഡിമാന്റ് വിപണി വൃത്തങ്ങള്‍ കണക്ക് കൂട്ടുന്നു, അതേ സമയം ആഗോള ഭക്ഷ്യയെണ്ണ വിപണിയിലെ തളര്‍ച്ച മൂലം പിന്നിട്ട ആറ് മാസമായി പാചകയെണ്ണ വിലകള്‍ താഴ്ന്ന തലത്തിലാണ്.

ഡിമാന്റ് മുന്നില്‍ കണ്ട് ഏലം

ഏലക്ക ലേലത്തില്‍ വീണ്ടും ഒരു ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഒരുക്കിയത് വാങ്ങലുകാര്‍ക്ക് ആശ്വാസം പകര്‍ന്നു. അറബ് രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ച കയറ്റുമതിക്കാര്‍ ചരക്ക് സംഭരണവുമായി മുന്നേറുകയാണ്. ന്യൂ ഇയര്‍ ആഘോഷ വേള വരെ മുന്നില്‍ കണ്ടുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഇതിനിടിയില്‍ ദീപാവലി ഡിമാന്റ് മുന്നില്‍ കണ്ട് ഉത്തരേന്ത്യന്‍ വാങ്ങലുകാരും ഉല്‍പ്പന്നം വാങ്ങി കുട്ടുന്നുണ്ട്. ശരാശരി ഇനങ്ങളുടെ വില കിലോ 1700 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 1668 രൂപയായി, മികച്ചയിനങ്ങള്‍ 2208 രൂപയില്‍ കൈമാറി.

Tags:    

Similar News