സ്വര്‍ണം പണയം വെയ്ക്കാന്‍ പറ്റിയ സമയം; 1 ലക്ഷത്തിന്റെ സ്വര്‍ണം പണയം വെച്ചാല്‍ എത്ര രൂപ ലഭിക്കും?

  • സ്വര്‍ണ വായ്പ അനുവദിക്കുന്നതിലെ പ്രധാന ഘടകം ലോണ്‍ ടു വാല്യൂ (എല്‍ടിവി)
  • എൽ ടി വി നിശ്ചയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • സ്വർണത്തിന്റെ മൂല്യത്തിന്റെ എത്ര ശതമാനം വായ്പ നൽകാം എന്ന് നിർണയിക്കുന്നു

Update: 2023-04-12 11:55 GMT

സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ താണ്ടി കുതിക്കുകയാണ്. കയ്യില്‍ സ്വര്‍ണമുള്ളൊരാള്‍ക്ക് നല്ല വിലയില്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ പറ്റിയ സമയം ഇതു തന്നെയാണ്. സ്വര്‍ണം പണയം വെയ്ക്കുന്നൊരാളാണെങ്കില്‍ നല്ല വില ലഭിക്കാന്‍ കാരണമാകുന്നൊരു ഘടകത്തെ പറ്റി അറിയണം. ലോണ്‍ ടു വാല്യു റേഷ്യോ അഥവാ എല്‍ടിവി ആണ് വായ്പ തുക നിശ്ചയിക്കുന്നത്.

സ്വര്‍ണ വില

സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഞെട്ടിച്ച റിട്ടേണാണ് ഇക്കാലയളവിലെല്ലാം സ്വര്‍ണം നല്‍കിയിട്ടുള്ളത്. ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധി, രാജ്യത്തെ ആഘോഷങ്ങള്‍, തുടരുന്ന രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി. സ്വര്‍ണ വില ഏപ്രിലിലും പുതിയ ഉയരം തൊട്ടു. ഏപ്രില്‍ അഞ്ചിന് 22 കാരറ്റ് പവന് 45,000 രൂപയാണ് രേഖപ്പെടുത്തിയത്. ഇവിടെ നിന്ന് താഴേക്ക് വന്ന സ്വര്‍ണ വില പവന് 44,560 രൂപയിലാണ് നിലവിലുള്ളത്. ഈ വില മാര്‍ച്ച് മാസത്തിലെ ഉയര്‍ന്ന വിലയേക്കാള്‍ കൂടുതലാണ്.

എല്‍ടിവി

സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍ സഹായിക്കുന്നൊരു തന്ത്രമാണിത്. സ്വര്‍ണ വായ്പ അനുവദിക്കുന്നതിലെ പ്രധാന ഘടകം ലോണ്‍ ടു വാല്യൂ (എല്‍ടിവി) ആണ്. ഈടായി സ്വീകരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തില്‍ എത്ര ശതമാനം വായ്പ നല്‍കണമെന്ന് തീരുമാനിക്കുന്നത് എല്‍ടിവി ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് എല്‍ടിവി നിശ്ചയിക്കുന്നത്. നിലവില്‍ 75% ആണ് എല്‍ടിവി. കോവിഡ് സമയത്ത് 90% വരെ എല്‍ടിവി അനുവദിച്ചിരുന്നു. 1 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഈട് നല്‍കുന്നതെങ്കില്‍ 75,000 രൂപ വായ്പയായി ലഭിക്കും. എല്‍ടിവി അനുപാതം റിസര്‍വ് ബാങ്ക് 75% ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വര്‍ണത്തിന്റെ പരിശുദ്ധിയും വായ്പ തുകയെ ആശ്രയിക്കും. നിങ്ങളുടെ സ്വര്‍ണത്തിന്റെ പരിശുദ്ധി നല്ലതാണെങ്കില്‍, ഉയര്‍ന്ന തുക വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.

ആര്‍ക്കാണ് നേട്ടം

എല്‍ടിവി അനുപാതം ഉപയോഗിക്കുന്നതിലൂടെ വസ്തുവിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ ഉയര്‍ന്ന തുക വായ്പ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനാകും. എല്‍ടിവി അനുപാതം ഉയരുന്നത് വായ്പ നല്‍കുന്നയാള്‍ക്ക് ഡിഫോള്‍ട്ട് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനാല്‍ എല്‍ടിവി അനുപാതം കുറയുന്നതാണ് ധനകാര്യ സ്ഥാപനത്തിന് നല്ലത്.

അതേസമയം എല്‍ടിവി ഉയരുമ്പോള്‍, ഈട് നല്‍കിയ സ്വര്‍ണത്തില്‍ നിന്ന് കൂടുതല്‍ തുക ലഭിക്കാന്‍ വായ്പയെടുത്ത വ്യക്തിക്ക് അര്‍ഹതയുണ്ട്.

എല്‍ടിവി 75 ശതമാനത്തില്‍ നിന്ന് 90% ആയി ഉയര്‍ന്നാല്‍ ഉയര്‍ന്ന തുക വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ വായ്പ എടുത്ത സാഹചര്യത്തില്‍ സ്വര്‍ണ വില കുറഞ്ഞാല്‍ വായ്പ എടുത്ത വ്യക്തി സമ്മര്‍ദ്ദത്തിലാകും. സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായാല്‍ ഇത് പരിഹരിക്കാന്‍ ലോണ്‍ തുകയുടെ പാര്‍ട്ട് പേയ്‌മെന്റ് നടത്തേണ്ടി വന്നേക്കാം. അല്ലെങ്കില്‍ അധിക സ്വര്‍ണം ഈട് നല്‍കേണ്ടി വരും.

പലിശ നിരക്ക്

പെട്ടന്നുള്ള സാമ്പത്തിക ആവശ്യത്തിന് ചെലവ് കുറഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കുന്നൊരു മാര്‍ഗമാണ് സ്വര്‍ണ പണയ വായ്പ. 15-17 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. എന്നാല്‍ കുറഞ്ഞത് 7 ശതമാനം മുതല്‍ സ്വര്‍ണ പണയ വായ്പ ലഭിക്കും. വേഗത്തിലുള്ള നടപടി ക്രമങ്ങളാണ് സ്വര്‍ണ വായ്പയുടെ മറ്റൊരു ഗുണം. സ്വര്‍ണ പണയ വായ്പകളുടെ പലിശ നിരക്ക് നോക്കാം

എസ്ബിഐയില്‍ 7% പലിശയ്ക്ക് സ്വര്‍ണ പണയ വായ്പ ലഭിക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.10%, പഞ്ചാബ് നാഷണല്‍ ബാങ്ക് 7.70%, കാനറ ബാങ്ക് 7.35% എന്നിവ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ പണയ നല്‍കുന്നു.

Tags:    

Similar News