ഉയര്‍ച്ചയ്ക്ക് പിന്നാലെ തളര്‍ച്ച, സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു
- വെള്ളിയാഴ്ച്ച പവന് 200 രൂപയും ശനിയാഴ്ച്ച 120 രൂപയും വര്‍ധിച്ചിരുന്നു.
കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,980 രൂപയായി. ശനിയാഴ്ച്ച പവന് 120 രൂപ വര്‍ധിച്ച് 39,920 രൂപയില്‍ എത്തിയിരുന്നു. അത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
വെള്ളിയാഴ്ച്ച പവന് 200 രൂപ വര്‍ധിച്ച് 39,800 രൂപയിലെത്തി. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 43,464 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,433 രൂപയിലെത്തിയിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 10 പൈസ വര്‍ധിച്ച് 73.10 രൂപയും എട്ട് ഗ്രാമിന് 80 പൈസ വര്‍ധിച്ച് 584.80 രൂപയുമാണ് വിപണി വില.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ സൂചികകള്‍ താഴ്ച്ചയിലാണ്. സെന്‍സെക്‌സ് 495.53 പോയിന്റ് താഴ്ന്ന് 61,686.14ലും നിഫ്റ്റി 147.15 പോയിന്റ് ഇടിവില്‍ 18,349.45ലും എത്തി. ആഗോള വിപണിയും ദുര്‍ബലമായി തുടരുന്ന കാഴ്ച്ചയാണുള്ളത്. വിദേശ നിക്ഷേപകര്‍ പണം അധികമായി പിന്‍വലിച്ചത് ആഭ്യന്തര വിപണിയെ ബാധിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു. ബ്രെന്റ് ക്രൂഡ് വില 0.63 ശതമാനം വര്‍ധിച്ച് ബാരലിന് 76.58 യുഎസ് ഡോളറായി.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് 82.63ല്‍ എത്തിയിരുന്നു. ആഭ്യന്തര വിപണിയിലെ തളര്‍ച്ചയും വിദേശ മാര്‍ക്കറ്റില്‍ ഡോളറിന്റെ കരുത്ത് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.54 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ ഇത് 82.63ലേക്ക് ഇടിഞ്ഞു.
