ഡെല്‍ഹി: ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ 43 ജില്ലകളില്‍ കൂടി കര്‍ശനമാക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്). നിലവില്‍ രാജ്യത്തെ 288 ജില്ലകളിലാണ് ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്.
മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനുശേഷം വളരെ കുറഞ്ഞ ശതമാനം ആഭരണങ്ങള്‍ മാത്രമേ ഹാള്‍മാര്‍ക്കിംഗ് പരിശോധനയില്‍ പരാജയപ്പെടുന്നുള്ളുവെന്നാണ് ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി വ്യക്തമാക്കുന്നത്. 2022-23 വര്‍ഷത്തില്‍ ബിഐഎസിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികളുടെ എണ്ണം 1,37,315 ല്‍ നിന്നും 1,51,052 ആയി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 13,737 ലൈസന്‍സുകളാണ് ഇഷ്യു ചെയ്തത്.
ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് പരിശോധന ലാബുകളുടെ എണ്ണം നാലില്‍ നിന്നും ഏഴായും 2023 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് സെക്ഷന്‍ 15,16 എന്നിവ പ്രകാരം പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ട്. നിയമലംഘകര്‍ക്ക് ഏകദേശം ഒരു വര്‍ഷം വരെ തടവോ ഉല്‍പ്പന്ന മൂല്യത്തിന്റെ ഒരു ലക്ഷം മുതല്‍ അഞ്ചിരട്ടി വരെ പിഴയോ ലഭിക്കും. ബിഐഎസ് ഡാറ്റ പ്രകാരം, സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഇതുവരെ 8.65 കോടി ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, ശേഖരിച്ച സാമ്പിളുകളുടെ എണ്ണം 12,995 ല്‍ നിന്ന് 27,831 ആയി ഉയര്‍ന്നിട്ടുമുണ്ട്.
