മാറ്റമില്ലാതെ സ്വര്‍ണ വില
- 24 കാരറ്റ് സ്വര്‍ണത്തിന് വിലയിടിവ്
- വെള്ളി വിലയില്‍ ഉയര്‍ച്ച
- വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 5435 രൂപയാണ്. പവന് 43,480 രൂപയാണ് വില. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലെ ഇടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും വില നേരിയ തോതില്‍ ഉയര്‍ന്നു. അഞ്ചു ദിവസങ്ങളിലായി മൊത്തം 800 രൂപയുടെ ഇടിവ് 22 കാരറ്റ് പവന് നേരിട്ട ശേഷമായിരുന്നു ഈ വര്‍ധന. 24 കാരറ്റ് സ്വര്‍ണത്തിലും സമാനമായ പ്രവണതയാണ് ഈ ദിവസങ്ങളില്‍ പ്രകടമായിരുന്നത്. എന്നാല്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5,918 രൂപയിലെത്തി. പവന്‍ 80 രൂപയുടെ ഇടിവോടെ 47,344 രൂപയായി
ജൂണ്‍ 15നാണ്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തിയത്. ഇടയ്ക്ക് വീണ്ടും ഇതിന് മുകളിലേക്ക് പോയെങ്കിലും പിന്നെയും താഴോട്ടേക്ക് വന്ന് മൂന്നുമാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിലയെത്തുകയായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായ 7 ദിവസങ്ങളിലായി വില 44,000ന് താഴെയാണ്.
കഴിഞ്ഞയാഴ്ച യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ പലിശ നിരക്ക് വര്‍ധന തുടരുമെന്ന സൂചന നല്‍കിയത് സ്വര്‍ണ വിലയെ വരും ദിവസങ്ങളില്‍ സ്വാധീനിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇത് ആഗോള വിപണികളിലെ സ്വര്‍ണവിലയിലെ തിരിച്ചുവരവിന് സഹായിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും ഉയര്‍ച്ചയുണ്ടായത്.
ആഗോള തലത്തിലും കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ വലിയ കയറ്റിറക്കങ്ങള്‍ സ്വര്‍ണവിലയില്‍ ഉണ്ടായി. ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് തീരുമാനത്തിന്റെ സ്വാധീനത്തെ നിക്ഷേപകർ ജാഗ്രതയോടെ വിലയിരുത്തുന്നതിന്‍റെ ഫലമായാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില താഴോട്ടുള്ള പ്രവണത പ്രകടിപ്പിച്ചതിന്‍റെ പ്രധാന കാരണം. ഏപ്രിലിലും മേയ് തുടക്കത്തിലും സംസ്ഥാനത്തെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ജൂണില്‍ ഏറെ ദിവസങ്ങളിലും ഇടിവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയ്ക്കു മുമ്പുള്ള 13 ദിവസങ്ങള്‍ക്കിടെ ജൂണ്‍ 16 വെള്ളിയാഴ്ച മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.
വെള്ളി വില പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പ്രകടമാക്കിയിട്ടുള്ളത്. എന്നാല്‍ ഇന്ന് വെള്ളിവില ഗ്രാമിന് 50 പൈസയുടെ വര്‍ധനയോടെ 75.70 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 605.60 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 4 രൂപയുടെ വർധനയാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 81.96 രൂപ എന്ന നിലയിലാണ്.
