സ്വര്‍ണം മിന്നുന്നു, പവന് 200 രൂപ വര്‍ധന: രൂപയും നേട്ടത്തില്‍
- വെള്ളി വിലയില്‍ ഇന്നും വര്‍ധനവുണ്ട്.
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വര്‍ധന.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 39,800 രൂപയായി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,975 രൂപയായിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഴിന് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 39,600 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 43,424 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 28 രൂപ വര്‍ധിച്ച് 5,428 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ ഇന്നും വര്‍ധനവുണ്ട്. ഗ്രാമിന് 1.20 രൂപ വര്‍ധിച്ച് 72.50 രൂപയും, എട്ട് ഗ്രാമിന് 9.60 രൂപ വര്‍ധിച്ച് 580 രൂപയിലും എത്തി.
ഓട്ടോ മൊബൈല്‍, എഫ്എംസിജി ഓഹരികള്‍ മുന്നേറിയതോടെ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 115 പോയിന്റ് വര്‍ധിച്ചു. ആഗോള വിപണികളില്‍ സമ്മിശ്രമായ പ്രവണതയാണ് കാണുന്നത്. രൂപയുടെ മൂല്യം ശക്തിയാര്‍ജ്ജിച്ചതും വിപണിയെ പിന്തുണയ്ക്കുന്നുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്സ് 115.09 പോയിന്റ് നേട്ടത്തില്‍ 62,685.77 ലും നിഫ്റ്റി 33.25 പോയിന്റ് വര്‍ധിച്ച് 18,642.60 ലും എത്തി. രാവിലെ 10.00 നു സെന്‍സെക്സ് 30.91 പോയിന്റ് നേട്ടത്തില്‍ 62,601.59 ലും നിഫ്റ്റി 16.95 പോയിന്റ് നേട്ടത്തില്‍ 18,626.30 ലുമാണ് വ്യാപാരം നടത്തുന്നത്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 82.19ല്‍ എത്തിയിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര വിപണിയിലെ ഉണര്‍വുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.30 എന്ന നിലയിലായിരുന്ന രൂപ വൈകാതെ 82.19 ആയി ഉയര്‍ന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില 0.72 ശതമാനം ഉയര്‍ന്ന് ബാരലിന് 76.70 യുഎസ് ഡോളറില്‍ എത്തി.
