ലാഭമെടുപ്പില്‍ സ്വര്‍ണം വീണു; വ്യാപാര ചര്‍ച്ചകള്‍ നിര്‍ണായകമാകും
ആഗോള വിപണിയില്‍ സ്വര്‍ണം നേരിട്ടത് 2.9 ശതമാനത്തിന്റെ ഇടിവ്
അന്താരാഷ്ട്ര തലത്തില്‍ ലാഭമെടുപ്പില്‍ വീണ് സ്വര്‍ണം. ട്രായ് ഔണ്‍സിന് 4004 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര ചര്‍ച്ച സ്വര്‍ണത്തിന് നിര്‍ണായകം. ആഗോള വിപണിയില്‍ 2.9 ശതമാനത്തിന്റെ ഇടിവാണ് സ്വര്‍ണം നേരിട്ടത്.
ചൊവ്വാഴ്ച 6 ശതമാനം ഇടിഞ്ഞ് 2020 ഓഗസ്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡ് തുടരുകയാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞതാണ് ലാഭമെടുപ്പിലേക്ക് നിക്ഷേപകരെ എത്തിച്ചത്.
കൂടികാഴ്ച നടക്കും വരെ വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാവുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അതേസമയം, ചര്‍ച്ചയില്‍ വ്യാപാര യുദ്ധം അവസാനിച്ചില്ലെങ്കില്‍ സ്വര്‍ണം തിരിച്ച് കയറുമെന്നും അവര്‍ ചൂണ്ടികാട്ടി.
ആഗോള കറന്‍സികള്‍ക്കെതിരേ യുഎസ് ഡോളര്‍ ഇന്‍ഡക്സ് ശക്തമായ മുന്നേറ്റം നടത്തിയതും സ്വര്‍ണത്തിന് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, സ്വര്‍ണത്തിന്റെ തിരിച്ച് വരവില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ തീരുമാനവും നിര്‍ണായകമാവും. ഫെഡ് കാല്‍ ശതമാനം പലിശ കുറച്ചാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരികെയെത്തുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടി.
