എന്റെ പൊന്നേ! എങ്ങോട്ടാണീ പോക്ക്? 46000 വും കടന്ന് സ്വര്‍ണ്ണ വില

  • വിപണിയില്‍ പണമൊഴുക്ക് കുറഞ്ഞതാണ് സ്വര്‍ണ്ണ വ്യാപാരം കുറയാൻ കാരണം

Update: 2023-11-29 05:19 GMT

സംസ്ഥാനത്ത് സ്വര്‍ണ്ണ വില റെക്കോഡില്‍. ഇന്ന് (നവംബര്‍ 29) 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 75 രൂപയുടെ വര്‍ധനയോടെ 5810 രൂപയിലേക്കും പവന് 600 രൂപയുടെ വര്‍ധനയോടെ 46480 രൂപയിലേക്കും എത്തി. ഈ വര്‍ഷം ഒക്ടോബര്‍ 28 ന് ഗ്രാമിന് 5740 രൂപയും പവന് 45920 രൂപയുമായാതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വില.

അന്താരാഷ്ട്ര സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 2045 ഡോളറായി. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലോടെ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായിയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്.അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണവില ഉയരങ്ങളിലേക്ക്, വില്പന മന്ദഗതിയില്‍

സ്വര്‍ണ്ണവില ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. വില വര്‍ധന മൂലം വിവാഹങ്ങള്‍ക്കുള്ള അത്യാവശ്യ വാങ്ങലുകള്‍ മാത്രമാണ് നടക്കുന്നത്. നൂലുകെട്ട് പോലെയുളള ചെറിയ ചടങ്ങുകള്‍ക്കുള്ള ആഭരണങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിലവര്‍ധന സ്വര്‍ണ്ണ വ്യാപാര-നിര്‍മ്മാണ മേഖലയെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറിയ പണിശാലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ്. ഇടത്തരം, വന്‍കിട നിര്‍മ്മാണശാലകളിലും സ്ഥിതി വ്യത്യസ്തമല്ല. വിപണിയില്‍ പണമൊഴുക്ക് കുറഞ്ഞതാണ് സ്വര്‍ണ്ണ വ്യാപാരത്തില്‍ കുറവ് നേരിടാന്‍ കാരണമാകുന്നതെന്നും അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.

വില വ്യതിയാന കാലയളവ്

ആറു മാസമാണ് സ്വര്‍ണത്തിന്റെ ഒരു വില വ്യതിയാന കാലയളവായി കണക്കാക്കുന്നത്. അടുത്തകാലത്ത് 200 ഡോളര്‍ മുതല്‍ 250 ഡോളറോളമാണ് വില വ്യതിയാനമുണ്ടായിരിക്കുന്നത്. ഏറ്റവും അടുത്ത കാലത്ത് വിലയിലുണ്ടായ മൂന്ന് മാറ്റങ്ങള്‍ ഇവയാണ് 1710 ഡോളറില്‍ നിന്നും 250 ഡോളര്‍ വര്‍ധിച്ച് 1960 ഡോളറിലേക്ക് എത്തി. തുടര്‍ന്ന് 150 ഡോളറിന്റെ ഇടിവോടെ 1810 ഡോളറിലേക്ക് എത്തി.

അടുത്തതായി 1810 ഡോളറില്‍ നിന്നും 2075 ഡോളറിലേക്ക് 265 ഡോളറിന്റെ വിലവര്‍ധനയാണുണ്ടായത്. മൂന്നാമതായി 2075 ഡോളര്‍ വരെ വര്‍ധിച്ച അന്താരാഷ്ട്ര സ്വര്‍ണ്ണവില പിന്നീട് 1845 ഡോളറിലേക്ക് തിരിച്ചിറങ്ങി ഇവിടെ 230 ഡോളറിന്റെ കുറവുണ്ടായി. 1845 ഡോളറിലേക്ക് തിരിച്ചിറങ്ങിയ സ്വര്‍ണ്ണവില വീണ്ടും പടിപടിയായി ഉയര്‍ന്നു 2018 ഡോളറിലേക്ക് എത്തി. അവിടെ നിന്നും 2045 ഡോളറിലേക്കും എത്തി. സ്വര്‍ണ്ണ വില 2075 ഡോളര്‍ കടക്കുമോ എന്നുള്ളതാണ് വിപണി ഇപ്പോള്‍ ഉറ്റു നോക്കുന്നതെന്നും അബ്ദുള്‍ നാസര്‍ പറയുന്നു.

Tags:    

Similar News