സ്വർണം നിരാശപ്പെടുത്തില്ല; ഒന്നര ലക്ഷം രൂപ തൊടും
അടുത്ത ദീപാവലിക്ക് സ്വർണ വില ഒന്നര ലക്ഷം രൂപ തൊടുമെന്ന് ആക്സിസ് സെക്യൂരിറ്റീസ്
സ്വര്‍ണ്ണം കുതിപ്പ് തുടരുന്നു. വില ഒന്നര ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. 2026 ലെ ദീപാവലിയോടെ സ്വർണ വില 1.5 ലക്ഷം രൂപ കടക്കുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അടുത്ത മാസങ്ങളില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിക്ഷേപകര്‍ വില താഴുന്ന സമയങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണമാകും എന്നാണ് നിരീക്ഷണം.
10 ഗ്രാമിന് 1.05 ലക്ഷം രൂപ മുതല്‍ 1.15 ലക്ഷം രൂപ വരെയുള്ള നിരക്കില്‍ സ്വര്‍ണം വാങ്ങുന്നത് പോലും ദീര്‍ഘകാല ലാഭത്തിന് സഹായകരമാകും. അടുത്ത ദീപാവലിയോടെ, സ്വര്‍ണവില 1.45 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ ഉയരാമെന്നാണ് കമ്പനിയുടെ പ്രവചനം. യു.എസ്. പലിശനിരക്ക് താഴാന്‍ തുടങ്ങിയതും, കേന്ദ്രബാങ്കുകൾ വന്‍തോതിൽ സ്വര്‍ണം വാങ്ങുന്നതും രാഷ്ട്രീയ അനിശ്ചിത്വങ്ങളും സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട് .
സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് വീണ്ടും വന്‍ ആവശ്യകതയുണ്ടാകുമെന്ന് തന്നെയാണ് സൂചന. സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് ഗോള്‍ഡ് ഇ.ടി.എഫ്.കള്‍ അല്ലെങ്കില്‍ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാം. ശക്തമായ സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ്, ഇടിഎഫുകളുടെ നിക്ഷേപം, പണപ്പെരുപ്പത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ എന്നിവയാണ് നിലവിൽ സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായത്.
ഈ പ്രവണതകള്‍ തുടര്‍ന്നാല്‍, 2026 ല്‍ സ്വര്‍ണ്ണം കൂടുതൽ നേട്ടമുണ്ടാക്കും. ഇന്ത്യന്‍ കുടുംബങ്ങളില്‍ ഇപ്പോള്‍ 3 ലക്ഷം കോടി ഡോളറിലധികം മൂല്യമുള്ള സ്വര്‍ണ്ണമാണ് സൂക്ഷിച്ചിരിക്കുന്നത്.ഒക്ടോബറിൽ സ്വർണ വില പുതിയ റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4000 ഡോളറും കടന്നിരുന്നു. ഈ മാസം ഇതുവരെ സംസ്ഥാനത്ത് കൂടിയത് പവന് 10360 രൂപയാണ്.
