തടയാനാളില്ല; സ്വര്‍ണവില പിടിവിട്ട് 90,000 രൂപയിലേക്ക്

പവന്‍ 89,480 രൂപയില്‍

Update: 2025-10-07 05:06 GMT

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടര്‍ക്കഥയാക്കുകയാണ് സ്വര്‍ണവിപണി. ഗ്രാമിന് 115 രൂപയും പവന് 920 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,185 രൂപയായി ഉയര്‍ന്നു. പവന് വില 89,480 രൂപയിലുമെത്തി. യുഎസിലെ ഭരണസ്തംഭനം നീണ്ടുപോകുന്നത് പൊന്നിന് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ്. അതുവഴി വിലയും കുതിച്ചുയരുന്നു. പവന് 90,000 രൂപയിലേക്ക് അടുക്കുകയാണ് സ്വര്‍ണം. ഇന്നലെയും ഇന്നുമായി മാത്രം പൊന്നിന് വര്‍ധിച്ചത് 1920 രൂപയാണ്.

19 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 9200 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളിവിലയും വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 161 രൂപയാണ് ഇന്നത്തെ വിപണിവില.

അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണത്തിന് വില വര്‍ധനവാണ്. അധികം താമസിയാതെ പൊന്ന് ഔണ്‍സിന് 4000 ഡോളര്‍ എന്ന കടമ്പ കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ന് ഏറ്റവും കുറവ് പണിക്കൂലിയും നികുതിയുമടക്കം ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 96,621 രൂപയെങ്കിലും നല്‍കേണ്ടിവരുമെന്നാണ് കണക്ക്. പണിക്കൂലിയിലെ വര്‍ധന വില ഇനിയും ഉയര്‍ത്തും. 

Tags:    

Similar News