നാലാം ദിനത്തിലും ഉയര്‍ന്ന് സ്വര്‍ണ വില
- നാലുദിനങ്ങളിലായി സ്വര്‍ണം പവന് 760 രൂപയുടെ വര്‍ധന
- യുദ്ധം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു
സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ച്ച പ്രകടമാക്കി. പത്തു ദിവസത്തെ താഴോട്ടിറക്കത്തിനു ശേഷം വെള്ളിയാഴ്ച മുതലാണ് വില ഉയര്‍ന്നു തുടങ്ങിയത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 20 രൂപയുടെ വര്‍ധനയോടെ 5335 രൂപയിലെത്തി, പവന് 160 രൂപയുടെ വര്‍ധനയോടെ 42,680 രൂപ. 4 ദിവസങ്ങളിലായി പവന് 760 രൂപയുടെ വര്‍ധന ഉണ്ടായി. ഇതിനു മുമ്പ് കഴിഞ്ഞ 10 ദിവസങ്ങളിലായി പവന് 2040 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 22 രൂപയുടെ വര്‍ധനയോടെ 5820 രൂപയാണ് വില, പവന്‍ 176 രൂപയുടെ വര്‍ധനയോടെ 46,560 രൂപയിലെത്തി.
ആഗോള തലത്തിലും സ്വര്‍ണ വില ഉയരുകയാണ്. ഇസ്രയേല്‍- പലസ്തീന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് വരുന്നുണ്ട്. ആഗോള തലത്തില്‍ ഔണ്‍സിന് 1,832-1854 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ വര്‍ധനയോടെ 75.5 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 604 രൂപയാണ് വില. ഒരു ഡോളറിന് 83.22 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.
