സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍; ഫെബ്രുവരി ഒന്ന് നിര്‍ണ്ണായകം
- അന്താരാഷ്ട്ര സ്വര്‍ണ്ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്.
- ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്.
- 2024 ല്‍ തുടര്‍ച്ചായി പലിശ നിരക്ക് കുറയ്ക്കുന്നതിനെ സംബദ്ധിച്ച സൂചനകള്‍ വന്നാലും സ്വര്‍ണ്ണ വില 2080 -2100 ഡോളര്‍ നിലവാരത്തിലേക്ക് ഉയരാന്‍ കാരണമാകും.
കഴിഞ്ഞ ഒന്നര മാസമായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി ഒന്നിലെ ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, കേന്ദ്ര ബജറ്റ് എന്നിവ സ്വര്‍ണ്ണ വിലയെ സംബന്ധിച്ച് നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്. കേരള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ 10 രൂപയുടെ വ്യത്യാസമാണ് ദിവസങ്ങളായി പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്.
പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പ ലക്ഷ്യ നിരക്ക് രണ്ട് ശതമാനമാണ്.ആ നിലയ്ക്ക് അടുത്ത് എത്തുന്നത് വരെ പലിശ നിരക്ക് ഉയര്‍ത്താം എന്ന നിലപാട് തുടര്‍ന്നാല്‍ സ്വര്‍ണ വിലയില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളര്‍ ആണ് സപ്പോര്‍ട്ട് പ്രൈസ്. അത് ഭേദിച്ച് താഴോട്ട് വന്നാല്‍ 1980 - 1960 ഡോളര്‍ ലെവലിലേക്ക് വില നീങ്ങാമെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം പലിശ നിരക്ക് കുറച്ചാല്‍, അല്ലെങ്കില്‍ 2024 ല്‍ തുടര്‍ച്ചായി പലിശ നിരക്ക് കുറയ്ക്കുന്നതിനെ സംബദ്ധിച്ച സൂചനകള്‍ വന്നാലും സ്വര്‍ണ്ണ വില 2080 -2100 ഡോളര്‍ നിലവാരത്തിലേക്ക് ഉയരാന്‍ കാരണമാകും. കേന്ദ്ര ബജറ്റും ഫെബ്രുവരി ഒന്നിനാണ്. ബജറ്റില്‍ ഇറക്കുമതി ചുങ്കം കുറച്ചേക്കുമെന്നുള്ള സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് ആയതിനാല്‍ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. എന്തായിരുന്നാലും സ്വര്‍ണത്തിന്റെ വില നിലവാരം സംബന്ധിച്ച് ഫെബ്രുവരി ഒന്ന് നിര്‍ണായകമാണ്.
