പൊട്ടിത്തെറിച്ച് സ്വര്‍ണവില; പൊന്ന് 92,000 രൂപയിലേക്ക്

വെള്ളിയും സ്വര്‍ണനിറത്തിലേക്ക്

Update: 2025-10-13 04:53 GMT

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണം ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായി ഉയര്‍ന്നു. ഈ വര്‍ധനവ് തുടര്‍ന്നാല്‍ പൊന്ന്് വൈകാതെ 92,000 രൂപ എന്ന കടമ്പയും മറികടക്കും. വെറും 12 ദിവസം കൊണ്ട് സ്വര്‍ണ വിലയിലുണ്ടായത് 4,520 രൂപയുടെ വര്‍ധനയാണ്.

പൊന്നിന് പത്ത് ദിവസത്തിനിടെ വര്‍ധിച്ചത് 5000ത്തിലധികം രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലാണ് ഇന്ന് സ്വര്‍ണവില

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 9450 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

വെള്ളിവിലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്. ഗ്രാമിന് 10 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. സമീപകാലത്ത് ഇങ്ങനൊരു വര്‍ധന ഉണ്ടായിട്ടില്ല. ചരിത്രത്തിലാദ്യമായി വെള്ളി ഗ്രാമിന് 185 രൂപയിലെത്തി.

ഇന്ന് രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണം ഔണ്‍സിന് 4060 ഡോളര്‍വരെ എത്തിയിരുന്നു. പിന്നീട് 4055 ഡോളറിലേക്ക് താഴ്ന്നു. അതേസമയം സ്വര്‍ണം തിരുത്തലിലേക്ക് നീങ്ങും എന്ന വിശ്വാസം വിപണിയില്‍ ശക്തമാണ്.

അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വ മാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇത് സംസ്ഥാനത്തും പ്രതിഫലിക്കുന്നു. 

Tags:    

Similar News