പൊൻതരിക്കും തീവില! സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്
ഒരു പവന് വില 97360 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 305 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 2440 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12170 രൂപയും പവന് 97360 രൂപയുമായി ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരം. ഒരു പ്രാവശ്യമായി ഇത്രയും വില വര്‍ധിക്കുന്നത് ആദ്യമായാണ്.
18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി. എന്നാല്‍ വെള്ളിക്ക് വില വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 196 രൂപയാണ് വിപണിയിലെ ഇന്നത്തെ വില.
അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കുതിപ്പാണ് ഇന്ന് സംസ്ഥാനത്തും പൊന്നിന് വില വര്‍ധിക്കാന്‍ കാരണമായത്. ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര വില ഔണ്‍സിന് 4380 ഡോളറിലേക്ക് എത്തി. 150 ഡോളറിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വില 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 105000 രൂപയ്ക്ക് മുകളില്‍ നല്‍കണം എന്ന നിലയിലെത്തി.
