അനലിസ്റ്റുകളുടെ പ്രവചനം ശരിവെച്ച് സ്വർണ വിലയിൽ കറക്ഷൻ. വില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് ഗ്രാമിന് 170 രൂപ കുറഞ്ഞ് 11210 രൂപയായി. ഒരു പവന് 89,680 രൂപയാണ് വില. ഇന്നലെ റെക്കോഡ് നിലവാരമായ 91040 രൂപയിലേക്ക് വില ഉയർന്നിരുന്നു.ഗ്രാമിന് 11380 രൂപയായിരുന്നു വില.
ഒക്ബോർ ഒന്നു മുതൽ ഒൻപത് വരെ മാത്രം പവന് 4000 രൂപയിലധികം വർധിച്ച ശേഷമാണ് വില ഇടിവ്. സ്വർണ വില താൽക്കാലികമായി ഇടിഞ്ഞേക്കുമെന്ന് നിരീക്ഷകർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഓഹരി വിപണിയിൽ നില നിൽക്കുന്ന അനിശ്ചിതത്വവും രാഷ്ട്രീയ അസ്ഥിരതകളുമാണ് സ്വർണത്തിലെ വലിയ മുന്നേറ്റത്തിന് കാരണം.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4000 ഡോളർ പിന്നിട്ടിരുന്ന സ്വർണ വില 3968 ഡോളറിലേക്ക് ഇടിഞ്ഞു. നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണ വിലയിലെ ലാഭം ബുക്ക് ചെയ്തതും വില ഇടിയാൻ കാരണമായി. അതേസമയം ഈ വർഷം ആഭ്യന്തര വിപണിയിൽ സ്വർണം വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചത്. വില 50 ശതമാനത്തിലധികം ഉയർന്നിരുന്നു.
യുഎസ് ഫെഡ് റിസർവ് നിരക്കുകൾ കുറച്ചേക്കുമെന്ന സൂചനയും ഡോളർ കൂടുതൽ ഇടിഞ്ഞേക്കാമെന്നതുമുൾപ്പെടെയുള്ള ഘടകങ്ങൾ നിലവിൽ സ്വർണ വിലയ്ക്ക് അനുകൂലമാണ്. താൽക്കാലികമായി വില ഇടിഞ്ഞാലും വിലയിലെ മുന്നേറ്റം തുടരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
